‘പ്രണയിച്ചതിന് ക്രൂര മര്‍ദ്ദനം’, യുവാവ് ആത്മഹത്യ ചെയ്തു, വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

മലപ്പുറം: ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറത്ത് പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ ആണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആത്മഹത്യ ചെയ്തത്.

ഷാഹിര്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അനിയന്‍ ഷിബിലന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

അതേസമയം യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ് വിഷം കഴിച്ച പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Top