ഇ.ഡി. റെയ്ഡിനിടെ യുകെയിലേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.എസ്.ഐ ആസ്ഥാനത്ത് ഉള്‍പ്പെടെ നാലിടത്ത് തിങ്കളാഴ്ച ഇ.ഡി പരിശോധന നടത്തിയതിന് പിന്നാലെ സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു.

യു.കെയിലേക്ക് പോകാന്‍ എത്തിയ റസാലത്തിനെ എമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞത്. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാവാനും ആവശ്യപ്പെട്ടു.

ചോദ്യംചെയ്യലിനായി നേരത്തേയും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു തിങ്കളാഴ്ച പരിശോധന നടന്നത്. മെഡിക്കല്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന കേസിലും മറ്റു സാമ്പത്തിക ക്രമക്കേടുകളിലുമാണ് അന്വേഷണം നടക്കുന്നത്. അടുത്തിടെയാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.പാളയം എല്‍.എം.എസിലെ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫീസ്, ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കര ചെറിയ കൊല്ലയിലെ വീട് എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച ഇ.ഡി പരിശോധന നടത്തിയത്.

Top