പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നു; കേസെടുത്ത നടപടിയ്‌ക്കെതിരെ വീണ്ടും ജോയ് മാത്യു

joy mathew

കോഴിക്കോട്: തനിക്കെതിരെയുള്ള കേസ് പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.

പ്രതികരിക്കുന്നവരെ നിശബ്ദരാക്കുക എന്നത് എല്ലാ ഭരണകൂടത്തിന്റെയും സ്വഭാവമാണെന്നും ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ കാണുമ്പോള്‍ അതാണ് ഉദ്ദേശമെന്നാണ് മനസ്സിലാകുന്നതെന്നും ആരെയും തീവ്രവാദിയാക്കാവുന്ന കാലമാണ് ഇപ്പോഴുള്ളതെന്നും എന്നാല്‍, അങ്ങനെയുള്ള പേടി തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മൗനമായാണ് പ്രകടനം നടന്നതെന്നും പൊതുജനത്തിന് തടസ്സമുണ്ടാക്കിയിട്ടില്ലെന്നും അവിടെ പ്രകടനം നിരോധിച്ചിട്ടുള്ളതായി ഒരറിവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം നടത്തിയതിനാണ് ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തത്. മിഠായിതെരുവ് പ്രകടന നിരോധിത മേഖലയാണെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ സമരം നടത്തിയിട്ടുള്ള ഭൂതകാലമാണ് തന്റേതെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

149, 147 വകുപ്പുകള്‍ പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് മിഠായിത്തെരുവിലാണ് കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. ഈ മേഖലയില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ജോയ് മാത്യുവിനെതിരെ കേസെടുത്തത്.

Top