ബിഷപ്പ് നിയമത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കട്ടെയെന്ന് കെ.സി.ബി.സി

Jalandhar Bishop Franco Mulakkal

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിയമത്തിന്റെയും മന:സാക്ഷിയുടെയും മാര്‍ഗത്തില്‍ സഞ്ചരിക്കട്ടെയെന്ന് കെ.സി.ബി.സി.

ബിഷപ്പിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റം വസ്തുതാപരമോ എന്ന് തെളിയിക്കപ്പെടേണ്ടതാണെന്നും തെറ്റുകാരനാണെങ്കില്‍ നിയമപരമായ ശിക്ഷ കിട്ടേണ്ടതാണെന്നും കെ.സി.ബി.സി വ്യക്തമാക്കി.

ബിഷപ്പ് ഉള്‍പ്പെട്ട കേസില്‍ സഭയില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും അദ്ദേഹം വിധേയനാകുമെന്നും ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞാല്‍ അത്തരമൊരു ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തി സഭ നടപടികള്‍ സ്വീകരിക്കുമെന്നും കെ.സി.ബി.സി അറിയിച്ചു.

കേരളത്തില്‍ പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കോടതിയില്‍ ഹാജരാകേണ്ടതുമാണെന്ന ഉപാധികളോടെയാണ് ബിഷപ്പിന് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top