വന്യമൃഗ ശല്യങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നില്ല; സര്‍ക്കാരിനെതിരെ ബിഷപ്പ് പാംപ്ലാനി

മാനന്തവാടി: വന്യമൃഗ ശല്യങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നില്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി. വാച്ചര്‍ പോളിന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചുവെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയില്ല. സാധാരണ മനുഷ്യന്റെ ജീവന് സര്‍ക്കാര്‍ നല്‍കുന്ന വിലയുടെ സൂചനയാണിത്. പ്രതിഷേധങ്ങള്‍ക്ക് യാതൊരു വിലയും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ സമീപനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സര്‍ക്കാര്‍ കാലോചിതമായി ഭേദഗതി ചെയ്യണം. ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകും. വനം വകുപ്പ് കര്‍ഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മതില്‍ നിര്‍മിച്ച് വനവും ജനവാസമേഖലയും വേര്‍തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന് ചികിത്സ വൈകിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അടുത്ത മാസം വയനാട്ടില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

Top