വിചാരണ കോടതി വെറുതെ വിട്ടാലും വെറുതെ വിടില്ലന്ന്, അതിജീവതയും . . . !

ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പുതിയ ഒരു പോരാട്ടത്തിനു കൂടി കളമൊരുങ്ങുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പൊതുമധ്യത്തിലേക്ക് ഇറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തന്നെയാണിപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

“ബലാത്സം​ഗക്കേസിലെ അതിജീവിത പൊതുസമൂഹത്തിലിറങ്ങുമെന്ന് ” ഫാ. അ​ഗസ്റ്റിന്‍ വട്ടോളി ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ വ്യക്തമാക്കിയിരിക്കുന്നത്.

മുഖം മറയ്ക്കാതെ പൊതുസമൂഹത്തിലേക്കിറങ്ങാനാണ് ആ സഹോദരിയുടെ തീരുമാനം. അതിജീവിതയെ സന്ദര്‍ശിച്ചപ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

” നിരാശയോടെ മുഖം മറച്ച് അവർ വെറുതെയിരിക്കില്ല. പൊതുസമൂഹത്തോട് എല്ലാം വെളിപ്പെടുത്തുമെന്നും, ഫാ. അഗസ്റ്റിന്‍  പ്രതികരിച്ചു.

അഗസ്റ്റിൻ വട്ടോളിയുടെ വാക്കുകൾ ഇങ്ങനെയാണ്

“ഇന്ന് ഞങ്ങൾ ഈ അതിജീവിതയെ കാണാൻ പോയിരുന്നു. അവർ ആകെ തകർന്നു തരിപ്പണമായ അവസ്ഥയിലാണ്. എന്നാൽ ഞങ്ങൾ തിരിച്ചുപോരുമ്പോൾ അവരൊരു തീരുമാനമെടുത്തു കഴിഞ്ഞിരിക്കുന്നു. അക്കാര്യം അവർ പൊതുസമൂഹത്തോട് പറയും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതു മറ്റൊന്നുമല്ല അവർ പുറത്തു വരാൻ തീരുമാനിച്ചിരിക്കുന്നു. പൊതുസമൂഹത്തോടും മാധ്യമങ്ങളോടും സംസാരിക്കാൻ അവർ തീരുമാനിച്ചു കഴിഞ്ഞു. മുഖം മറയ്ക്കാതെ അവർ ഈ ലോകത്തോട് സംസാരിക്കും. കണ്ട നാൾ മുതൽ അവരോട് ഞങ്ങൾ പറയുന്നതാണ് നിങ്ങൾ ഇര എന്ന വാക്ക് ഉപയോഗിക്കരുത് എന്ന്. അവർ ഒരു ലീഡറാണ്. അവർ പുറത്തുവരികയും മുഖം മറയ്ക്കാതെ ലോകത്തോട് സംസാരിക്കുകയും ചെയ്യും. ഇരകൾ മറഞ്ഞിരിക്കുകയും ഒളിഞ്ഞിരിക്കുകയും അകത്തിരിക്കുകയും ചെയ്യുന്നതാണ് പീഡകർക്ക് ധൈര്യം നൽകുന്നത്. ഇരകളെന്ന് പറയുന്നവർ ഇരകളല്ല അവർ നേതാക്കളാണെന്നും സമൂഹത്തെ നയിക്കുകയും സംവദിക്കുകയും ചെയ്യേണ്ടവരാണ് എന്നൊരു തിരിച്ചറിവ് അവർക്ക് ഉണ്ടാവേണ്ടതാണ് “

ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിചാരണ കോടതി വെറുതെ വിട്ടിരിക്കുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.  വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

വിധി പുറത്തു വന്നപ്പോൾ അന്വേഷണത്തിന് മേൽ നോട്ടം വഹിച്ചിരുന്ന എസ്.പി ഹരിശങ്കർ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. കോടതി നിലപാട് അംഗീകരിക്കാൻ കഴിയില്ലന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഹരിശങ്കറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാത്തലിക്ക് ഫെഡറേഷനും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കോടതി വിധിക്കെതിരെ അന്വേഷണ സംഘതലവൻ ഉയർത്തിയ പ്രതിഷേധം വിവാദമായിരിക്കെയാണ് പുതിയ പോരാട്ടവുമായി അതിജീവതയും ഇപ്പോൾ ‘മുഖംമൂടി’ മാറ്റി രംഗത്തിറങ്ങുവാൻ പോകുന്നത്. ഇതിനു പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിഭാഗം സംശയിക്കുന്നത്.

ഇരയുടെ മൊഴിയിൽ സ്ഥിരതയില്ലെന്നും മൊഴിയിൽ വൈരുധ്യമുണ്ടെന്നുമാണ് വിചാരണ കോടതി നിരീക്ഷിച്ചിരിക്കുന്നത്.

287 പേജുള്ള വിധിപകർപ്പാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രാങ്കോയ്‌ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും വിധി പകർപ്പിൽ പറയുന്നുണ്ട്. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞിരുന്നത്. എന്നാൽ, 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകുകയാണ് ഉണ്ടായത്. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വാർത്ഥതാത്പര്യങ്ങൾ ഉള്ളവരുടെ നീക്കത്തിന് ഇര വഴങ്ങിയെന്ന് ബോധ്യമായതായാണ് കോടതി ഉത്തരവിൽ പറയുന്നത്. കന്യാസ്ത്രീകൾക്കിടയിലുള്ള ശത്രുത, ഗ്രൂപ്പ് പോരാട്ടം എന്നിവ കേസിലേക്ക് നയിച്ചുവെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. അധികാരമോഹവും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചു. കേസ് ഒത്തുതീർക്കാൻ പരാതിക്കാരി തയാറായതായും കോടതി ചൂണ്ടിക്കാട്ടുന്നു. ബിഹാർ അതിരൂപതയ്ക്ക് കീഴിലെ പ്രത്യേക കേന്ദ്രം വിട്ടുകൊടുത്താൽ ഒത്തുതീർപ്പിന് തയാറയേനെയെന്നും കോടതി പറയുന്നുണ്ട്.


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച രാവിലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ഇതുകേട്ട് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നിരുന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടനെയുള്ള ഫ്രാങ്കോയുടെ പ്രതികരണം. ഇതിനു തൊട്ടു പിന്നാലെയാണ് എസ്.പി അടക്കമുള്ളവർ വിധിയെ ചോദ്യം ചെയ്ത് രംഗത്തു വന്നിരുന്നത്. പരസ്യമായി രംഗത്തിറങ്ങാൻ അതിജീവത തീരുമാനിച്ചതും ഇതിനു ശേഷമാണ്.

Top