ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയില്‍ നടപ്പായി; പാട്ട് കുര്‍ബാന അര്‍പ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അനുകൂലമായ കോടതി വിധി വന്ന ശേഷം പാട്ട് കുര്‍ബാന അര്‍പ്പിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തില്‍ വച്ചാണ് പാട്ട് കുര്‍ബാന നടന്നത്. വിധി വന്ന ശേഷം നിറകണ്ണുകളോടെ കോടതി വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത് കോട്ടയം കളത്തിപ്പടി ധ്യാന കേന്ദ്രത്തിലാണ്. അവിടെ എത്തി വിശ്വാസികള്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ച ശേഷമാണ് തൃശൂരിലെ നാട്ടിലേക്ക് മടങ്ങിയത്.

വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നില്ല. ദൈവത്തിന്റെ കോടതിയിലെ വിധി അത് ഭൂമിയില്‍ നടപ്പായിരിക്കുന്നു എന്നാണ് അദ്ദേഹം കോട്ടയത്തെ കുര്‍ബാനയ്ക്ക് ശേഷം പ്രതികരിച്ചത്. ഒപ്പം നിന്ന എല്ലാ വിശ്വാസികള്‍ക്കും നന്ദി അര്‍പ്പിച്ചാണ് മടങ്ങിയത്.

കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക് കോടതി വളപ്പില്‍ വച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. കൈ കൂപ്പുകയും കാറില്‍ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയര്‍ത്തി കാണിക്കുകയും മാത്രമാണ് ഫ്രാങ്കോ ചെയ്തത്.

പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിടുകയായിരുന്നു. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

Top