ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു. പഞ്ചാബിലെ അഭിഭാഷകനില്‍ നിന്നാണ ബിഷപ്പിന് രോഗം ബാധിച്ചതെന്നാണ് സൂചന.

തന്റെ അഭിഭാഷകന്‍ മന്‍ദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ക്വാറന്റീനിലാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാകാതിരിക്കുന്നതിന്റെ കാരണം ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം കോടതിയെ അറിയിച്ചത്. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

തുടര്‍ച്ചയായി പതിനാല് തവണയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാതിരുന്നത്. ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാനും ഉത്തരവായിരുന്നു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Top