സിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി. എറണാകുളം അങ്കമാലി അതിരൂപതയില്‍ വിമത നീക്കത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് നടപടി. മാറാൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിയിരുന്നു.

സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്‍റണി കരിയിലിനെതിരെ ഉയര്‍ന്നത്. കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു.

കർദ്ദിനാളിനെ മാറ്റണം എന്നാവശ്യപ്പെട്ട് പല തവണ വത്തിക്കാന് അപേക്ഷ പോയെങ്കിലും സഭാ നേതൃത്വം ആലഞ്ചേരിക്കൊപ്പമാണെന്ന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ഭൂമി വിൽപ്പനയിലും കുർബാന ഏകീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ വത്തിക്കാൻ തഴഞ്ഞിരുന്നു. കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയതാണ്. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാളിനെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനോട് അതിരൂപത മെത്രാപ്പൊലീത്തന്‍ സ്ഥാനത്ത് നിന്ന് മാറ്റി.

Top