ഡിഡിസിഎയുടേത് സ്വജനപക്ഷപാതം; അംഗത്വം രാജിവെച്ച് ബിഷൻ സിങ്​ ബേദി

ല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ)അംഗത്വത്തില്‍ നിന്ന് താൻ രാജി വെക്കുകയാണെന്ന് മുൻ ഇന്ത്യൻ സ്​പിന്നർ ബിഷൻ സിങ്​ ബേദി. ഫിറോസ്​ ഷാ കോട്​ലയിലെ ഗാലറിയിൽ സ്ഥാപിച്ച തന്‍റെ പേരിലുള്ള സ്റ്റാൻഡ്​ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജയ്​റ്റ്​ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചാണ് ബേദിയുടെ ഈ നീക്കം. ഡിഡിസിഎയുടേത് സ്വജനപക്ഷപാതമാണെന്നും ക്രിക്കറ്റർമാരുടേതിനേക്കാൾ വലിയ പ്രധാന്യം ഭരണാധികാരികൾക്ക്​ നൽകുകയാണെന്നും ബേദി ആരോപിച്ചു.

ഇതുസംബന്ധിച്ച്​ ഡൽഹി ക്രിക്കറ്റ്​ ബോർഡിന്‍റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത അരുൺ ജയ്​റ്റ്​ലിയുടെ മകൻ കൂടിയായ രോഹൻ ജയ്​റ്റ്​ലിക്ക്​ ബേദി കത്തയച്ചു. താനൊരിക്കലും അരുണ്‍ ജെയ്റ്റിലിയുടെ പ്രവര്‍ത്തന രീതിയെ അനുകൂലിച്ചിരുന്നില്ല. സ്ഥാപിത താത്പര്യത്തിന് പുറത്തായിരുന്നു ക്രിക്കറ്റ് ഭരണം. അതില്‍ പ്രതിഷേധിച്ച് പലവട്ടം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒട്ടും മാതൃകയാകാത്ത ഒരു ഭരണകര്‍ത്താവിന്റെ പ്രതിമ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിക്കുന്നതിനെ എതിര്‍ക്കുക തന്നെ ചെയ്യും- ബിഷന്‍ സിംഗ് ബേദി പറഞ്ഞു.

1999 മുതൽ 2013 മുതൽ ഡൽഹി ക്രിക്കറ്റ്​ ​അസോസിയേഷൻ അധ്യക്ഷനായ ജയ്​റ്റ്​ലിയുടെ ആറടി ഉയരത്തതിലുള്ള പ്രതിമ സ്ഥാപിക്കാൻ ബോർഡ്​ തീരുമാനമെടുത്തിരുന്നു. നേരത്തേ ഡൽഹി ഫിറോസ്​ ഷാ കോട്​ലയുടെ പേര് മാറ്റി അരുൺ ജയ്​റ്റ്​​ലി സ്​റ്റേഡിയം എന്നാക്കിയിരുന്നു.

Top