ബിസ്‌ക്കറ്റ് മോഷണം; പ്രായപൂര്‍ത്തിയാകാത്ത 4 കുട്ടികളെ കടയുടമ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പലചരക്ക് കടയില്‍ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചതിനാണ് കടയുടമയുടെ ക്രൂരമായ ശിക്ഷ. ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം.

ബീഹാര്‍: പലചരക്ക് കടയില്‍ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബിര്‍പൂരിലെ ഫാസില്‍പൂര്‍ ഗ്രാമത്തില്‍ ഒക്ടോബര്‍ 28ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെയാണ് പുറത്തറിയുന്നത്. കുട്ടികളെ തൂണില്‍ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങള്‍.

ആളുകള്‍ നോക്കി നില്‍ക്കെയാണ് കടയുടമയുടെ മര്‍ദനം. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികള്‍ സ്ഥിരമായി കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 28 ന് കടയുടമ ഇവരെ പിടികൂടുകയും തുടര്‍ന്ന് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു.

കുട്ടികളുടെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, കടയുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ രക്ഷിതാക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top