‘ബിരിയാണി’ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്

ടി കനി കുസൃതിയെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാക്കിയ സിനിമ ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ചിത്രം നേരത്തെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. കേവ് എന്ന പേരിലുള്ള ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ഏപ്രില്‍ 21 മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങുക.

സജിന്‍ ബാബുവാണ് ബിരിയാണി സംവിധാനം ചെയ്തത്. മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാനാണ് ഒടിടി റിലീസും തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു.

റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ബിരിയാണി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ, മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിയെ മികച്ച നടിയായി ചിത്രത്തിലെ പ്രകടനത്തിലൂടെ തെരഞ്ഞെടുത്തിരുന്നു.

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്, സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. യുഎന്‍ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജിന്‍ ബാബുവിന്റേത് തന്നെയാണ് തിരക്കഥയും. അപ്പു ഭട്ടതിരി എഡിറ്റിങ് നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹകന്‍ കാര്‍ത്തിക് മുത്തുകുമാറാണ്. ലിയോ ടോമാണ് സംഗീത സംവിധായകന്‍.

 

Top