കൈക്കൂലി നല്‍കിയില്ല; ജനന സര്‍ട്ടിഫിക്കറ്റില്‍ രണ്ട് വയസ്സുകാരന് പ്രായം 102 !

ബറെയ്ലി: മാതാപിതാക്കള്‍ കൈക്കൂലി നല്‍കാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശിലെ ബറേയ്‌ലി കോടതി. നാലു വയസുകാരനായ ശുഭിന്റെ പ്രായം 104 എന്നും രണ്ട് വയസ്സുകാരനായ സാകേതിന്റെ പ്രായം 102 എന്നുമാണ് ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുപിയിലെ ഷാജഹാന്‍പൂരിലാണ് സംഭവം.

ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളുടെ വയസ്സ് തെറ്റായി കൊടുത്തിരിക്കുന്നുവെന്ന് കാണിച്ച് അമ്മാവന്‍ പവന്‍ കുമാര്‍ ഷാജഹാന്‍പൂരിലെ ഖുദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പരാതിയുമായി കോടതിയെയും സമീപിച്ചു. മാതാപിതാക്കള്‍ കൈക്കൂലി നല്‍കാത്തതിനാല്‍ വില്ലേജ് ഡെവലപ്മെന്റ് ഓഫീസര്‍ ഇരുവര്‍ക്കും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ട ജനന സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് പവന്‍ കുമാര്‍ ആരോപിച്ചത്.

രണ്ട് കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വില്ലേജ് ഡെവലപ്മെന്റ് ഓഫീസര്‍ സുശീല്‍ ചന്ദ് അഗ്‌നിഹോത്രിയും മറ്റൊരു ഉദ്യോഗസ്ഥനും 5000 രൂപവീതം കൈക്കൂലി ചോദിച്ചുവെന്നാണ് പവന്‍ കുമാര്‍ ആരോപിക്കുന്നത്. ഓണ്‍ലൈനിലൂടെ ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

2018 ജനുവരി ആറിന് ജനിച്ച സങ്കേതിന്റെ ജനനതീയതി 1916 ജൂണ്‍ 13 എന്നും 2016 ജൂണ്‍ 13ന് ജനിച്ച ശുഭയുടെ ജനനതീയതി 1916 ജൂണ്‍ 13 എന്നും മാറ്റി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പവന്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമായതോടെയാണ് കോടതി ഗ്രാമവികസന ഉദ്യോഗസ്ഥനും ഗ്രാമത്തലവനുമെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

Top