ബിരിയാണി, വിദേശ ഫണ്ട്, നിരക്ഷരായ സ്ത്രീകള്‍; ഇതാണ് സിഎഎ വിരുദ്ധ പ്രതിഷേധം

വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തി, വിദേശ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബിരിയാണിയും കഴിച്ച് നടത്തുന്ന പരിപാടിയാണ് ഡല്‍ഹി ഷഹീന്‍ ബാഗിലെയും, കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലും നടക്കുന്ന പൗരത്വ നിയമത്തിന് എതിരായുള്ള സമരങ്ങളെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്.

ചില ബിജെപി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിട്ടുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പുറത്തുവന്നത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ഘോഷിന്റെ പുതിയ കണ്ടെത്തല്‍. ‘പാവപ്പെട്ട അജ്ഞരായ ആളുകളെ റോഡില്‍ ഇരുത്തുകയാണ്. ഇതിന് പകരം ദിവസവും പണം ലഭിക്കുന്നു. വിദേശ ഫണ്ട് കൊണ്ട് വാങ്ങിയ ബിരിയാണി ഭക്ഷിക്കാന്‍ നല്‍കും. ജനങ്ങള്‍ അവര്‍ക്കൊപ്പമാണെന്ന് കാണിക്കാനാണ് ഇതെല്ലാം ചെയ്യുന്നത്’, കൊല്‍ക്കത്തയിലെ പാര്‍ട്ടി യോഗത്തില്‍ ഘോഷ് പറഞ്ഞു.

‘ഡല്‍ഹി ഷഹീന്‍ ബാഗിലും, കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലും കാര്യങ്ങള്‍ ഒരു പോലെയാണ്. ബൃന്ദ കാരാട്ട്, പി ചിദംബരം തുടങ്ങിയവരാണ് ഇവിടെ എത്തുന്നത്. നിരക്ഷകരായ സ്ത്രീകളാണ് കുട്ടികളെ മടിയില്‍ ഇരുത്തി അവിടെ കുത്തി ഇരിക്കുന്നത്’, ബിജെപി സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി മറ്റ് പാര്‍ട്ടികള്‍ രംഗത്തെത്തി. അയാളുടെ ശക്തി കാരണം, ആ പേര് കേട്ടാല്‍ തന്നെ വിറയ്ക്കും, സംസ്ഥാന പഞ്ചായത്ത് വകുപ്പ് മന്ത്രി സുബ്രത മുഖര്‍ജി ഘോഷിനെ പരിഹസിച്ചു. അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കാത്ത വ്യക്തി ആയത് കൊണ്ടാണ് ഘോഷ് ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്ന് സിപിഎ പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം പറഞ്ഞു.

Top