ആശയ വിനിമയം നടത്താന്‍ പക്ഷി ഭാഷ ; തുര്‍ക്കിയിലെ ഗ്രാമം യുനെസ്‌കോ പട്ടികയില്‍

BIrd langue

അങ്കാര:  ആശയ വിനിമയം നടത്തുന്നതിന് ഭാഷ ആവശ്യമില്ല. ആംഗ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും പരസ്പരം ആശയ വിനിമയം നടത്താം. എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം തന്നെയുണ്ട് തുര്‍ക്കിയില്‍.

കനാക്‌സി ജില്ലയിലെ കുസ്‌കോയ് ഗ്രാമവാസികള്‍ക്ക് പക്ഷി ശബ്ദത്തിലൂടെ ആശയങ്ങള്‍ കൈമാറാന്‍ പ്രത്യേക കഴിവാണ്. അതുകൊണ്ട്തന്നെ യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഗ്രാമം ഇടംപിടിച്ചു കഴിഞ്ഞു.

പക്ഷി ഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. 500 വര്‍ഷം മുമ്പ് ഓട്ടോമന്‍ സാമ്രാജ്യ കാലത്തിന്റെ പഴക്കമുള്ളതാണ് ഗ്രാമവാസികളുടെ പക്ഷിഭാഷ.

നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയാണ് പക്ഷി ഭാഷ നിലനിന്നുപോകുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഭാഷ അറിയാവുന്നവര്‍ കുറഞ്ഞു വരികയാണ് എന്നാണ് ഗ്രാമവാസികളുടെ അഭിപ്രായം.

യുവ തലമുറയ്ക്ക് ഈ ഭാഷ പഠിക്കുന്നതിലോ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നതിനോ താല്‍പര്യമില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. ഭാഷ സംരക്ഷിക്കുന്നതിനായി ഗ്രാമവാസികളെ പരിശീലിപ്പിക്കുന്നുണ്ട്. 2014 മുതല്‍ തന്നെ പ്രൈമറി സ്‌കൂളുകളില്‍ പക്ഷി ഭാഷ പഠിപ്പിക്കുന്നുണ്ട്.

കുന്നും മലയും നിറഞ്ഞ കനാക്‌സി പ്രദേശത്ത് 10,000 ജനങ്ങളാണ് വസിക്കുന്നത്. മലനിരകളില്‍ പരസ്പരം കാണാന്‍ കഴിയാതെ ദൂരെ നില്‍ക്കുന്നവരുമായി പക്ഷിഭാഷയിലൂടെ സംസാരിക്കാന്‍ സാധിക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

Top