ലോകത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിയ്ക്കുന്നു; യൂറോപ്പിലും കിഴക്കന്‍ ഏഷ്യയിലും ജാഗ്രത

ന്യൂഡല്‍ഹി: കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പക്ഷികളുടെ മരണത്തിന് കാരണമായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ഇന്ത്യയില്‍ വ്യാപിക്കുന്നു. ലക്ഷക്കണക്കിന് പക്ഷികളെയാണ് രാജ്യത്തുടനീളം കൊന്നൊടുക്കാനൊരുങ്ങുന്നത്. കേരളവും മധ്യപ്രദേശവും ഹിമാചല്‍ പ്രദേശും ഉള്‍പ്പെടെ ഇതുവരെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യൂറോപ്പില്‍ നിന്നും കിഴക്കന്‍ ഏഷ്യയില്‍ നിന്നും വ്യാപകമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസിന്റെ പല വകഭേദങ്ങളുണ്ടെങ്കിലും ഇപ്പോള്‍ പടരുന്നത് പക്ഷികളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനം ഹിമാചല്‍ പ്രദേശ് ആണ്.

ഹരിയാനയില്‍ ലക്ഷക്കണക്കിന് കോഴികള്‍, ഹിമാചല്‍ പ്രദേശില്‍ ദേശാടന പക്ഷികള്‍, മധ്യപ്രദേശില്‍ നൂറുകണക്കിന് പശുക്കള്‍ തുടങ്ങിയവ സമാന വൈറസ് ബാധിച്ചാണ് മരിച്ചതെന്നും സംശയിക്കുന്നുണ്ട്‌.  തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാംഗ്ര ജില്ലാ മജിസ്ട്രേറ്റ് അലര്‍ട്ട് സോണില്‍ കോഴി വില്‍ക്കുന്നതിനോ അറുക്കുന്നതിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴി അല്ലെങ്കില്‍ മത്സ്യം വില്‍ക്കുന്ന കടകള്‍ അടച്ചിടാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോങ് ഡാം തടാകത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വിനോദ സഞ്ചാരികളുടെയോ നാട്ടുകാരുടെയോ പ്രവേശനവും നിരോധിച്ചു.

രാജസ്ഥാനിലെ ഹാലവാര്‍ ജില്ലയിലെ ബാലാജി പ്രദേശത്തിന്റെ 1 കിലോമീറ്റര്‍ ചുറ്റളവില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദേുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവുകളെയും കോഴികളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൊന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നെതര്‍ലാന്റ്‌സ്, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം, യുണൈറ്റഡ് കിംഗ്ഡം, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, പോളണ്ട്, ക്രൊയേഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി ബാധിച്ചതായി യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമേ ദക്ഷിണ കൊറിയയിലും ജപ്പാനിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

47 ഇനം പക്ഷികളില്‍ 20 ശതമാനത്തിലധികവും പക്ഷിപ്പനി പടര്‍ന്നുപിടിച്ചിട്ടുണ്ട്. പക്ഷിപ്പനി നിയന്ത്രിക്കുന്നതിനായി ഫ്രാന്‍സ് 6,00,000 കോഴി പക്ഷികളെ കൊന്നൊടുക്കി. പക്ഷിപ്പനി ബാധിച്ചതായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സ് കഴിഞ്ഞ വര്‍ഷം അവസാനം റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സ് ഇതിനകം 200,000 കോഴികളെ കൊന്നൊടുക്കിയിട്ടുണ്ട്. 400,000 പക്ഷികളെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് കാര്‍ഷിക മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top