ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ: ഹരിപ്പാടിനടുത്ത് പള്ളിപ്പാട്ട് താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. 20,471 താറാവുകളെ കൊന്നൊടുക്കും. ജില്ലാ കലക്ടർ വിആർ.കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിന്റെതാണ് തീരുമാനം. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും തീരുമാനമായി.

പ്രദേശത്ത് ഇതുവരെ 1500ലധികം താറാവുകൾ ചത്തതായാണ് കണക്കുകൾ. നാളെ മുതൽ താറാവുകളെ നശിപ്പിക്കും. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ നെടുമുടിയിൽ ഏതാനും താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.

ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു സാംപിളുകളിൽ എച്ച്5 എൻ1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭയിലെ ഒൻപതാം വാർഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളിൽനിന്നാണ് സാംപിളുകൾ ശേഖരിച്ചത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കും. ഇതിനായി എട്ട് ആർആർടികളെയും (റാപ്പിഡ് റെസ്പോൺസ് ടീം) സജ്ജമാക്കിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽനിന്നും പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കലക്ടർ നിർദേശം നൽകി.

Top