സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്.

ഡിസംബര്‍ 19 മുതലാണ് ആലപ്പുഴ ജില്ലയിലെ ചില മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ക്രിസ്മസിനോടനുബന്ധിച്ച കച്ചവടത്തെ തുടര്‍ന്ന് ആ സമയം കര്‍ഷകര്‍ ഇത് അവഗണിച്ചു കൊണ്ട് വില്‍പനയുമായി മുന്നോട്ടു പോയി. ഒരു കര്‍ഷകന്റെ 7000 താറാവുകള്‍ വരെ ചത്തൊടുങ്ങിയ അവസ്ഥയുണ്ടായി.

തുടര്‍ന്ന് തൃശ്ശൂര്‍ മണ്ണുത്തി മൈക്രോബയോളജി വിഭാഗം പരിശോധന നടത്തിയിരുന്നു. അന്ന് പ്രാഥമിക പരിശോധനയില്‍ ബാക്ടീരിയല്‍ ബാധയാണെന്നാണ് പറഞ്ഞത്. തുടര്‍ന്ന ഭോപ്പാലിലേക്കയച്ച വിദഗ്ധ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ക്കല്ലാതെ മറ്റേതെങ്കിലും പക്ഷികള്‍ക്ക് രോഗബാധയുള്ളതായി ഇതുവരെ റിപ്പോര്‍ട്ടകളില്ല.

Top