പക്ഷിപ്പനി; കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും

കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയയ്ക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാവും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുക. അതേസമയം പക്ഷിപ്പനി പ്രതിരോധ നടപടികള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു.

കേരളം കൂടാതെ രാജ്യത്തെ കൂടുതല്‍ സ്ഥലങ്ങളില്‍ പക്ഷിപ്പനി പടരുകയാണ്. കേരളത്തിനു പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മധ്യപ്രദേശില്‍ 400 റോളം കാക്കകള്‍ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോഴിയിറച്ചിയും മുട്ടയും വില്‍ക്കുന്നത് 15 ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഹിമാചല്‍ പ്രദേശിലെ ആയിരത്തിലധികം ദേശാടന പക്ഷികളും പക്ഷിപ്പനി ബാധിച്ചു ചത്തു. രാജസ്ഥാനിലും ചത്ത കാക്കകളില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രാജസ്ഥാനിലേക്ക് മധ്യപ്രദേശില്‍ നിന്നുമുള്ള കോഴികളെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

Top