ഗുജറാത്തിൽ നാശം വിതച്ച് ബിപോർജോയ്; 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു

അഹമ്മദാബാദ് : ഗുജറാത്ത് തീരമേഖലയിൽ കനത്തനാശം വിതച്ച് അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. 22 പേർക്ക് പരുക്കേറ്റു. നിരവധി മൃഗങ്ങൾ ചത്തു. കനത്ത കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകി.

രാത്രി വൈകിയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം തീരത്തോട് അടുത്തത്. ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര–കച്ച് തീരം പിന്നിട്ട ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുകയാണ്. ഗുജറാത്ത് തീരത്ത് കനത്ത മഴയും കടൽക്ഷോഭവുമുണ്ട്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് സൗരാഷ്ട്ര-കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് അറിയിപ്പ്. തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.

തീരമേഖലയിൽനിന്ന് 180,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേന, കര, നാവിക,വ്യോമ സേന, അതിർത്തിരക്ഷാസേന, തീരസംരക്ഷണസേന എന്നിവ രംഗത്തുണ്ട്. ഗുജറാത്തിലെ നാവികകേന്ദ്രങ്ങളിൽ 25 വിദഗ്ധ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിനു സർവസജ്ജമാണെന്നും നാവികസേന പശ്ചിമമേഖലാ കമാൻഡ് അറിയിച്ചു.

Top