ശക്തി കുറഞ്ഞ് ബിപോര്‍ജോയ്; സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടും

തിരുവനന്തപുരം: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി മാറി. ഇതോടെ അറബിക്കടലില്‍ ദക്ഷിണേന്ത്യയാകെ കാലവര്‍ഷം ശക്തിപ്പെടുമെന്ന സൂചനയാണ് വരുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗം നേരിടുന്നതിനിടെ ഗാസിയാബാദില്‍ മഴ പെയ്തത് ആശ്വാസമായി. രാജസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ കാറ്റും വീശും. മധ്യപ്രദേശിലെ പടിഞ്ഞാറന്‍ മേഖലകയില്‍ ഇന്നും നാളെയും കനത്ത മഴക്കും കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിന്റെ ഹിമാലയന്‍ മേഖലയിലും സിക്കിമിലും അടുത്ത അഞ്ച് ദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഈ മേഖലയില്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അസമിലും മേഘാലയിലും ഇന്നും നാളെയും അതി തീവ്ര മഴ ലഭിക്കും. ഉത്തര്‍പ്രദേശിലും ഹിമാചലിലും ഉത്തരാഖണ്ഡിലും വരും ദിവസങ്ങളില്‍ മിതമായ മഴ ലഭിക്കും.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴക്ക് ചെറിയൊരു ആശ്വാസമുണ്ട്. ചെന്നൈയില്‍ 1996 ന് ശേഷം ആദ്യമായി ജൂണില്‍ സ്‌കൂളുകള്‍ക്ക് മഴ ഭീതിയില്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 140 മില്ലിമീറ്റര്‍ മഴ പെയ്തു. ചെന്നൈയില്‍ പറന്നിറങ്ങേണ്ട 10 വിമാനങ്ങള്‍ ബെംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഇവയില്‍ ഏഴെണ്ണം ചെന്നൈയില്‍ തിരിച്ചിറങ്ങി. ചെന്നൈയില്‍ പുറപ്പെടേണ്ട വിമാനങ്ങള്‍ മഴയെ തുടര്‍ന്ന് വൈകി. ഇതില്‍ ചിലത് പുറപ്പെട്ടിട്ടുണ്ട്.

Top