അതിശക്തിയോടെ ബിപോര്‍ജോയ്; അതീവ ജാഗ്രതയില്‍ ഗുജറാത്ത്

ഹമ്മദാബാദ്: അതിശക്തിപ്രാപിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ തീരമേഖലകളില്‍നിന്ന് 37,500 പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവില്‍ പോര്‍ബന്തറിന് 350 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവില്‍ കരതൊടുമെന്നാണ് കണക്കുകൂട്ടുന്നത്. പിന്നീട് ഇത് പാക് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. കനത്ത ജാഗ്രതയാണ് ഗുജറാത്ത് -മഹാരാഷ്ട്ര തീരത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗര്‍ പ്രദേശങ്ങളേയായിരിക്കും ഏറ്റവും കൂടുതല്‍ബാധിക്കുക. വ്യാഴാഴ്ച പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴയും പ്രവചിക്കുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അറബിക്കടലില്‍ രൂപംകൊണ്ട് 126 മണിക്കൂര്‍ പിന്നിട്ട കാറ്റ് 1982-നു ശേഷം ഇത്രയും മണിക്കൂറുകള്‍ സജീവമായി നിന്ന ആദ്യ ചക്രവാതമാണ്. കച്ച്, ദ്വാരക, ജാംനഗര്‍ ജില്ലകളില്‍ കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 67 തീവണ്ടികള്‍ പൂര്‍ണമായും 48 എണ്ണം ഭാഗികമായും ജൂണ്‍ 16 വരെ റദ്ദാക്കിയിട്ടുണ്ട്. കടലില്‍ തിരകളുടെ ഉയരം കൂടിയതിനെത്തുടര്‍ന്ന് ദ്വാരകയില്‍ ബസ് സര്‍വീസ് നിര്‍ത്തി. കണ്ട്‌ല, മുന്ദ്ര എന്നിവയടക്കം തുറമുഖങ്ങള്‍ അടച്ചു. ജക്കാവു തുറമുഖം വിജനമായ സ്ഥിതിയിലാണ്.

ദ്വാരകയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ കടലില്‍ കീ സിങ്കപ്പൂര്‍ എന്ന എണ്ണഖനന കേന്ദ്രത്തില്‍ കുടുങ്ങിയ 50 തൊഴിലാളികളെ തീരസുരക്ഷാസേന ഹെലികോപ്റ്ററും കപ്പലും ഉപയോഗിച്ച് സാഹസികമായി തിങ്കളാഴ്ച രാത്രി രക്ഷിച്ചു. തീരമേഖലയില്‍ കടലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന 21,000 പേരെ ഒഴിപ്പിച്ചു. 10 കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവരെയെല്ലാം മാറ്റാനാണ് നിര്‍ദേശം. ഏഴു ജില്ലകളിലാണ് കൂടുതല്‍ ശ്രദ്ധയുള്ളത്.

Top