ഗുജറാത്ത് തീരമേഖലയില്‍ കനത്ത ഭീഷണിയുമായി ബിപോര്‍ജോയ് കര തൊടുന്നു

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയില്‍ കനത്ത ഭീഷണിയുമായി ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊടുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ജഖാവു തുറമുഖത്തിന് 100 കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരമേഖലയില്‍ കാറ്റിന്റെ വേഗത ഓരോ നിമിഷവും കൂടുകയാണ്. ദിയുവില്‍ നിലവില്‍ 50 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. ദ്വാരകയില്‍ 45 ഉം പോര്‍ബന്തര്‍ 47 ഉം കിലോ മീറ്റര്‍ വേഗതിയിലാണ് കാറ്റ് വീശുന്നത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാകും ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

 

വൈകിട്ട് അഞ്ചിനും എട്ടിനും ഇടയില്‍ ബിപോര്‍ജോയ് കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. സൗരാഷ്ട്ര, കച്ച് മേഖലയില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കണക്ക്കൂട്ടല്‍. കാറ്റഗറി മൂന്നില്‍പെടുന്ന അതി തീവ്ര ചുഴലിയായി എത്തുന്ന കാറ്റിന്റെ സഞ്ചാരപാതയില്‍നിന്ന് മുക്കാല്‍ ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിന്റെ തീര മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളില്‍ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. മൂന്ന് സൈനിക വിഭാഗങ്ങളും സര്‍വ്വ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.

ഭക്ഷണവും മരുന്നുമായി കപ്പലുകള്‍ നാവികസേന ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. മൊത്തം 15 കപ്പലുകളും 7 എയര്‍ക്രാഫ്റ്റുകളും സജ്ജമെന്നാണ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം അറിയിച്ചിട്ടുള്ളത്. 4 ഡോര്‍ണിയര്‍, 3 ഹെലികോപ്ടര്‍ എന്നിവയും സജ്ജമാണ്. ഗുജറാത്തിന്റെ തീരമേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം ബിപോര്‍ജോയ് പ്രഭാവം കേരളത്തെയും ബാധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. കേരളത്തില്‍ അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം 18 ാം തിയതി ഇടുക്കി ജില്ലയിലും 19 ന് ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിനിടെ ബിപോര്‍ ജോയ് കനത്ത നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്ഥാനും സിന്ധ് പ്രവിശ്യയില്‍ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ഒന്നര കോടി ജനസംഖ്യയുള്ള കറാച്ചി നഗരത്തില്‍ അടക്കം കനത്ത പേമാരി പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം ആളുകളെ തീര മേഖലയില്‍ നിന്ന് ഒഴിപ്പിച്ചെന്നാണ് വിവരം

 

Top