ബിജെപിയില്‍ അടിപതറുന്നു; ബിപ്ലബ് മിത്ര രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് ബിപ്ലബ് മിത്ര രാജിവച്ചു. അധികം വൈകാതെ അദ്ദേഹം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന വടക്കന്‍ ബംഗാളിലെ കരുത്തുന്ന നേതാവാണ് ബിപ്ലബ്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയുടെ ആശയവുമായി യോജിച്ചുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വൈകീട്ട് രാജി പ്രഖ്യാപിച്ചതും തൃണമൂലില്‍ ചേര്‍ന്നതും. ഒട്ടേറെ ബിജെപി നേതാക്കള്‍ രാജിവച്ച് തൃണമൂലില്‍ ചേരുമെന്ന് ബിപ്ലബ് മിത്ര പറഞ്ഞു.

2019 ജൂണ്‍ 24നാണ് ബിപ്ലബ് മിത്ര ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലമായ സൗത്ത് ദിനാജ്പൂര്‍ ജില്ലയോട് ചേര്‍ന്ന മേഖലയില്‍ നിന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് എട്ട് എംപിമാരെയാണ്. ചില ആശങ്കകളാണ് തന്നെ ബിജെയില്‍ എത്തിച്ചതെന്ന് ബിപ്ലബ് മിത്ര ഇപ്പോള്‍ പറയുന്നു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബിപ്ലബ് പറഞ്ഞു. വടക്കന്‍ ബംഗാളില്‍ നിന്ന് ബിജെപി എട്ട് ലോക്സഭാ സീറ്റുകളാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഇതേ തുടര്‍ന്ന് ബിപ്ലബ് മിത്രയെ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഇതുമായി ബന്ധപ്പെട്ട ഭിന്നതയാണ് ബിപ്ലബ് മിത്രയെ ബിജെപിയുമായി അടുപ്പിച്ചത്.

ബിജെപിയില്‍ നിന്ന് രാജിവച്ച് തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ച ബിപ്ലബ് മിത്ര വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി. ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജിയില്‍ നിന്ന് പാര്‍ട്ടി പതാക ഏറ്റുവാങ്ങി. കൊറോണ കാലത്ത് ആദ്യമായിട്ടാണ് തൃണമൂല്‍ ഓഫീസില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്.

Top