ത്രിപുരയിലിപ്പോള്‍ സന്തോഷമലയടിക്കുന്നു; ആള്‍കൂട്ട കൊലപാതകങ്ങളെ കുറിച്ച് ത്രിപുര മുഖ്യമന്ത്രി

biplab

അഗര്‍ത്തല: ത്രിപുരയിലിപ്പോള്‍ സന്തോഷമലയടിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ കുമാര്‍. ആള്‍കൂട്ട കൊലപാതകങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്, ഇത് ജനങ്ങളുടെ സര്‍ക്കാരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘എന്റെ മുഖത്തേക്ക് നോക്കൂ, ഞാന്‍ സന്തോഷവാനാണ്, ത്രിപുരയിലെങ്ങും സന്തോഷം നിറഞ്ഞിരിക്കുകയാണെ’ന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല.

നാല് പേരാണ് കഴിഞ്ഞ ആഴ്ച ത്രിപുരയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തോടായിരുന്നു ബിപ്ലബിന്റെ പ്രതികരണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പറയുന്നതിന് പകരം ഇത്തരത്തില്‍ പ്രതികരിച്ച ബിപ്ലബ് ദേബിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. അഗര്‍ത്തലയിലെ വിമാനത്താവളത്തിന്റെ പേര് മാറ്റിയ ചടങ്ങില്‍ പങ്കെടുക്കവെയാണ് മന്ത്രി ഈ വിവാദ പരാമര്‍ശം നടത്തിയത്.

അഗര്‍ത്തലയില്‍ 11 വയസ്സുകാരനായ പൂര്‍ണ ബിശ്വാസിനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്രമം തുടങ്ങിയത്. കുട്ടിയുടെ ശരീരത്തില്‍ നിന്നും വൃക്ക നീക്കം ചെയ്യപ്പെട്ടിരുന്നുവെന്ന വാര്‍ത്ത പരന്നതോടെ കൊലയ്ക്ക് പിന്നില്‍ അവയവക്കടത്തുകാരാണെന്ന അഭ്യൂഹം പരന്നു. ഇതോടെ ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്തു. 48 മണിക്കൂറിനുള്ളില്‍ നാല് പേരെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്.

Top