ചെങ്ങന്നൂരിലേക്ക് ‘മണ്ടന്‍’ മുഖ്യമന്ത്രി വരും ! ബി.ജെ.പിക്ക് വിനാശകാലേ വിപരീത ബുദ്ധി . .

biplab kumar

ചെങ്ങന്നൂര്‍: മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞ് ബി.ജെ.പിക്ക് തന്നെ അപമാനമായ ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ എത്തുന്നു. കാല്‍ നൂറ്റാണ്ടോളം ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായ ത്രിപുരയില്‍ അട്ടിമറി വിജയം നേടിയ നായകനെ ചെങ്ങന്നൂരില്‍ അട്ടിമറി നേട്ടം കരസ്ഥമാക്കാനാണ് ബി.ജെ.പി രാഗത്തിറക്കുന്നത്.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ഈ മാസം 24ന് എത്തുമെന്നാണ് വിവരം. ചെങ്കോട്ട ‘തകര്‍ത്ത’ നേതാവ് ചെങ്ങന്നൂരില്‍ ആവേശം പടര്‍ത്തുമെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ പ്രബുദ്ധരായ വോട്ടര്‍മാരുള്ള കേരളത്തില്‍ ആ ‘ പരിപ്പ്’ വേവില്ലന്നാണ് സി.പി.എം പ്രവര്‍ത്തകരുടെ നിലപാട്. ബിപ്ലബ് കുമാര്‍ വന്നാല്‍ അത് ‘ആഘോഷ’മാക്കി തിരിച്ചടിക്കാന്‍ സൈബര്‍ സഖാക്കളും റെഡിയായി കഴിഞ്ഞു.

c27d4b0e-f255-40b3-80a9-fff141ff2a4a

ത്രിപുരയില്‍ അധികാരമേറ്റെടുത്ത ശേഷം മണ്ടത്തരത്തിന്റെ പെരുമഴയാണ് ബിപ്ലബ് സൃഷ്ടിച്ചത്. രാജ്യവ്യാപകമായി തന്നെ വലിയ തമാശയായിരുന്നു അത്. മഹാഭാരതം ലൈവും ഐശ്വര്യ റായിയുടെ സൗന്ദര്യവും തുടങ്ങി സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചവരുടെ സിവില്‍ സര്‍വീസ് വരെ നീണ്ടു മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങള്‍.

ഒടുവില്‍ സഹികെട്ട് പ്രധാനമന്ത്രിക്ക് തന്നെ മണിക് സര്‍ക്കാര്‍ ഇരുന്ന കസേരയാണത് എന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വന്നിരുന്നു. ദരിദ്ര മുഖ്യമന്ത്രിയായി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ നേതാവായിരുന്നു സി.പി.എം പി.ബി അംഗം കൂടിയായ മണിക് സര്‍ക്കാര്‍.

993ee2bc-7d33-431a-b9e4-28045020e785

മണിക് സര്‍ക്കാറിന്റെ അസാന്നിധ്യം ഇപ്പോഴാണ് നൊമ്പരപ്പെടുത്തുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായിയും ട്വിറ്ററിലുടെ വ്യക്തമാക്കിയിരുന്നു.

‘ ഇരുപത്തഞ്ച് വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം ഇപ്പോള്‍ നാം തിരിച്ചറിയുന്നു എന്താണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന്. മണിക് ദാ മാറിക്കൊടുക്കൂ, ബിപ്ലബിന്റെ സാമ്പത്തികശാസ്ത്രമാണ് ഇപ്പോഴിവിടെ നിലനില്‍ക്കുന്നത്’ സര്‍ദേശായി ട്വിറ്ററില്‍ പരിഹസിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ എത്തിയാല്‍ മണിക് സര്‍ക്കാര്‍ എന്ന ‘മാണിക്യ ‘ത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചെങ്ങന്നൂരിലെ ജനതക്കും അവസരം ലഭിക്കുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നത്.

Top