Bipin Rawat takes over as new Army chief

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ആവശ്യം വന്നാല്‍ ശക്തി പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.

കരസേനയുടെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിര്‍ത്തിയില്‍ നിന്ന് ലജ്ജിതരായി മടങ്ങി പോരില്ലെന്നും റാവത്ത് പറഞ്ഞു.

43 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം കരസേനാ മേധാവിയുടെ സ്ഥാനത്ത് നിന്ന് ദല്‍ബീര്‍ സിംഗ് വിരമിച്ച ഒഴിവിലേക്കാണ് ഇപ്പോള്‍ റാവത്ത് നിയമിതനായിരിക്കുന്നത്.

പുതിയ കരസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 27ാമത്തെ കരസേനാ മേധാവിയായാണ് ബിപിന്‍ റാവത്ത് നിയമിതനായത്.

സീനിയോറിറ്റിയില്‍ അദ്ദേഹത്തിന്റെ മുകളിലുള്ള ലെഫ്.ജനറല്‍മാരായ പ്രവീണ്‍ ബാക്ഷി, പി.എം ഹാരിസ് എന്നിവരെ മറികടന്നായിരുന്നു ബിപന്‍ റാവത്തിനെ കരസേനാ മേധാവിയായി തിരഞ്ഞെടുത്തിരുന്നത്.

അതുകൊണ്ട് തന്നെ ലെഫ്. ജനറല്‍ പ്രവീണ്‍ ബാക്ഷി രാജിവെക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും സേനയുടെ ശക്തിക്കായി തന്നോടൊപ്പം പ്രവര്‍ത്തിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

Top