പരിഭ്രാന്തിയും അത്ഭുതവും പടര്‍ത്തി ഇന്തോനേഷ്യന്‍ തീരത്ത് ഭീമാകാര ജീവിയുടെ ജഡം(വീഡിയോ)

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഹുലുങ് കടല്‍ത്തീരത്ത് അടിഞ്ഞ ഭീമാകാര ജീവിയുടെ ജഡം ജനങ്ങളില്‍ പരിഭ്രാന്തിയും അത്ഭുതവും ഒരേപോലെയാണ് പടര്‍ത്തിയിരിക്കുന്നത്. മെയ് 10-ാം തീയതിയാണ് ഈ അത്ഭുത ജീവിയുടെ മൃതദേഹം ഗ്രാമവാസികള്‍ കണ്ടത്. കടല്‍ജലത്തിന്റെ നിറം ചുവപ്പായി മാറിയതാണ് ഗ്രാമവാസികളില്‍ പരിഭ്രാന്തി ഉടലെടുക്കാന്‍ കാരണമായത്.

ഒരു ആനയേക്കാള്‍ വലിപ്പമുള്ള ജീവിയുടെ ശരീരമാണ് തീരത്ത് അടിഞ്ഞത്. എന്നാല്‍ ഇത് എന്തു ജീവിയുടെ ജഡമാണെന്ന് ആര്‍ക്കും അറിയില്ല. ഇത്തരമൊരു ജീവിയെക്കുറിച്ച് ആരും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.

15 മീറ്റര്‍ നീളവും ഏകദേശം 35 ടണ്‍ ഭാരവുമുണ്ടാകും ഇതിന്. അസാധാരണ വലിപ്പമുള്ള കണവ ഇനത്തില്‍പ്പെടുന്ന ജീവിയുടേതോ ഭീമാകാരനായ തിമിംഗലത്തിന്റേതോ ആവാം ജഡമെന്നാണ് ജന്തുശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.

സാധാരണക്കാരും ശാസ്ത്രജ്ഞരുമടക്കം ആയിരക്കണക്കിനാളുകളാണ് ഇതിനെ കാണാന്‍ കടല്‍ തീരത്തേക്ക് എത്തുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ വൈറലായി.

Top