മുള, വാഴപ്പഴം എന്നിവ ഉപയോഗിച്ച് സാനിറ്ററി നാപ്കിന്‍; ഇനി സ്ത്രീകളും പ്രകൃതിയും സുരക്ഷിതര്‍

ഹല്‍ദ്വാനി: ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതി നശീകരണ പ്രതിസന്ധിയെ നേരിടുന്നതിനുമായി ബയോഡീഗ്രേഡബിള്‍ ‘ഫ്‌ലോറിഷ്’ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കി മാതൃകയായിരിക്കുകയാണ് ഹല്‍ദ്വാനിയിലെ ഒരു നാനോടെക് കമ്പനി.

നേരത്തേയും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് സ്ത്രീകളെ പഠിപ്പിക്കാന്‍ രാജ്യത്തുടനീളം നിരവധി ശ്രമങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഉപയോഗിച്ച പാഡുകള്‍ നശിപ്പിക്കുന്ന കാര്യം ഇപ്പോഴും ഇന്ത്യയില്‍ ഒരു പ്രധാന പ്രശ്‌നമാണ്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഓരോ വര്‍ഷവും 1,13,000 സാനിറ്ററി പാഡുകള്‍ മണ്ണില്‍ നിക്ഷേപിക്കുന്നു. ഇത് പരിസ്ഥിതിക്ക് ദോഷമായി മാറുന്നുണ്ട്. ഈ പ്രധാന പ്രശ്‌നത്തെ നേരിടാനാണ് ആര്‍ഐ നാനോടെക് ബയോഡീഗ്രേഡബിള്‍ സാനിറ്ററി നാപ്കിനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന് മാത്രമല്ല ഇവ മണ്ണില്‍ ലയിക്കുന്നതിനാല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യില്ല എന്നാണ് കമ്പനിയുടെ വാദം.

‘ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ നശിപ്പിക്കാനാവാത്തതാണ്, അതിനാല്‍ ദുര്‍ഗന്ധമില്ലാത്തതും നല്ല നിലവാരമുള്ളതുമായ ബയോഡീഗ്രേഡബിള്‍ പാഡുകള്‍ ഞങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവ ബാക്ടീരിയ രഹിത പാഡുകളാണ്, അവ മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ വളമായി മാറ്റാം. സസ്യങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് വളരെ ഗുണം ചെയ്യുമെന്ന് വൈശാലി രതി എന്ന ശാസ്ത്രജ്ഞ പറഞ്ഞു. മാത്രമല്ല ചര്‍മ്മത്തിന് ഇവ നല്ലതുമാണ്’- ആര്‍ഐ നാനോടെക് സിഇഒ രാജേന്ദ്ര ജോഷി പറഞ്ഞു.

പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുന്നു. മാത്രമല്ല സ്ത്രീകളില്‍ ഇത് പലപ്പോഴും ഗര്‍ഭാശയ അര്‍ബുദത്തിനും കാരണമാകാറുണ്ട്. മുള, വാഴപ്പഴം, എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത ചേരുവകള്‍ കൊണ്ടാണ് ഫ്‌ലോറിഷ് പാഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് .

Top