പാചക എണ്ണയില്‍ നിന്ന് ബയോ ഡീസല്‍; പുതിയ പദ്ധതിയ്ക്ക് തുടക്കമായി

ന്യൂഡല്‍ഹി: ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയ്ക്ക് രാജ്യം തുടക്കമിട്ടു. ക്രൂഡ് ഇറക്കുമതിയില്‍ കുറവ് വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും സംയുക്തമായാണ് പദ്ധതിയില്‍ ഭാഗമാകുക.

ലോക ബയോഫ്യൂവല്‍ ഡേയുടെ ഭാഗമായാണ് ഉപയോഗിച്ച പാചക എണ്ണയില്‍നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. രാജ്യത്തെ 100 നഗരങ്ങളില്‍ പാചകയെണ്ണയില്‍നിന്ന് ബയോഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പ്രാരംഭനടപടികളാണ് തുടങ്ങുക. ഇതിനായി പ്രമുഖ ഭക്ഷ്യശൃംഖലകളായ മക്ഡൊണാള്‍ഡ്‌സ്, കെഎഫ്‌സി, ബര്‍ഗര്‍ കിംഗ്, ഹാര്‍ദിറാം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിച്ച പാചക എണ്ണ ഓയില്‍ കമ്പനികള്‍ ശേഖരിക്കും.

നിലവില്‍ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് 2018- 19 കാലയളവില്‍ രാജ്യത്തെ ക്രൂഡ് ഇറക്കുമതിയ്ക്കു വേണ്ടി വരുന്നത് 11,200 കോടി ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം അധികമാണിത്. പുതിയ പദ്ധതി വിജയകരമായി നടപ്പാക്കി 2030 ആകുമ്പോള്‍ ഹൈ സ്പീഡ് ഡീസലില്‍ അഞ്ചു ശതമാനം ബയോ ഡീസല്‍ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്ത് ക്രൂഡ് ഇറക്കുമതി കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

Top