binoy viswam’s facebook post

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് പക്ഷത്ത് നില്‍ക്കുന്ന ആര്‍ക്കും വലതുപക്ഷ വികസനത്തിന്റെ വക്താവ് ആകാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മറുപടി.

കണ്ണും മൂക്കും ഇല്ലാത്തതാണ് വലതുപക്ഷ വികസനം. പിണറായി വിജയന്‍ വലതുപക്ഷ വികസന പാതയിലേക്ക് പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം ലോകപരിസ്ഥിതി ദിനമായ ഇന്ന് ബിനോയ് വിശ്വത്തിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി. കേരളത്തിന്റെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തേണ്ടത് ജലത്തെയാണെന്ന് അദ്ദേഹം കുറിച്ചു.

ആഗോളതാപനത്തിന്റെ പൊള്ളുന്ന സത്യങ്ങള്‍ക്കു മുന്നില്‍ നിന്നുകൊണ്ട് ലോകം പഠിച്ച പാഠമാണത്. അതുള്‍ക്കൊള്ളാന്‍ കഴിയാത്ത കേരള വികസനം നാശത്തിന്റെ പാതാളത്തിലായിരിക്കും പതിക്കുകയെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

നീരൊഴുക്കുകള്‍ വീണ്ടെടുക്കാനുള്ള ഒരു ജനകീയ പ്രസ്ഥാനം ഇവിടെ വളര്‍ന്നുവരണം. 2017 ലെ പരിസ്ഥിതി ദിനമാകുമ്പോള്‍ ഒഴുക്കു തടയപ്പെട്ട ഒരിടവും കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയുമോ? ഓടകള്‍ മാത്രമല്ല; തോടുകളും അരുവികളും കായലുകളും കുളങ്ങളുമെല്ലാം ഇന്ന് മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച് മരിക്കുകയാണ്. അവയ്ക്ക് പുനര്‍ജന്മം കൊടുക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ കഴിയും.

പുതിയ കേരളം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് നേതൃത്വം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

(ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…)

നീരൊഴുക്കള്‍ വീണ്ടെടുക്കാന്‍… ‘ _ ബിനോയ് വിശ്വം
­­­­­­
ഭൂമിയും മനുഷ്യനും മഴയ്ക്കായി കാത്തിരുന്നു. ആ കാത്തിരിപ്പിന്റെ ഓരോ നിമിഷവും അവര്‍ വെള്ളത്തെ തീവ്രമായി സ്‌നേഹിക്കുകയായിരുന്നു. ഒടുവില്‍ വെള്ളവുമായി മഴയെത്തി. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനുഷ്യര്‍ വെള്ളത്തെ ശപിക്കാന്‍ തുടങ്ങി. അരയോളം വെള്ളം പൊങ്ങി നഗരം സ്തംഭിച്ചപ്പോഴായിരുന്നു അത്. കോഴിക്കോടിന്റെ അനുഭവം മുന്‍നിര്‍ത്തി വിചിത്രമായ ആ സ്ഥിതി വിശേഷത്തെക്കുറിച്ചാണ് ഒരു പ്രമുഖപത്രം മുഖപ്രസംഗമെഴുതിയത്.

വികസനം, ആസൂത്രണം തുടങ്ങിയ ഘനഗംഭീരവാക്കുകള്‍ ശീലമാക്കിയ മാന്യന്മാരെല്ലാം ആ മുഖപ്രസംഗം വായിക്കട്ടെ. അവര്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ മറ്റെന്തായാലും വികസനവും ആസൂത്രണവുമല്ലെന്ന് അപ്പോള്‍ അവര്‍ക്ക് മനസിലായേക്കും.

കേരളത്തിന്റെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തേണ്ടത് വെള്ളത്തെയാണ്. ആഗോള താപനത്തിന്റെ പൊള്ളുന്ന സത്യങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ലോകം പഠിച്ച പാഠമാണത്.

അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കേരള വികസനം നാശത്തിന്റെ പാതാളത്തിലായിരിക്കും പതിക്കുക. പിന്നെ ആസൂത്രണം! കേരളത്തില്‍ ഇടവപ്പാതിയും തുലാവര്‍ഷവവും ഉണ്ടെന്ന് അറിയാത്ത ആസൂത്രകന്മാരെ എന്താണ് ചെയ്യേണ്ടത് ? പെയ്തിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാന്‍ ചാലുവേണമെന്ന് അറിയാത്ത ആസൂത്രകന്മാര്‍ ! അവരെ മുക്കാലിയില്‍ കെട്ടിയടിച്ചാല്‍ ആ മുക്കാലിക്കായിരിക്കും അപമാനം.

കുഴിക്കലും നികത്തലും, വീണ്ടും കുഴിക്കലും നികത്തലുമാണ് വികസനമെന്ന് ധരിച്ച് വശായവരാണ് അവര്‍. അത്തരക്കാര്‍ നാണവും മാനവുമെല്ലാം പണ്ടേ പണത്തിന് പണയപ്പെടുത്തിയവരാണല്ലോ!
നമുക്ക് ഇനി കാത്തിരിക്കാന്‍ നേരമില്ല. നേരായ വികസനത്തിന്റെ വഴി നാം കണ്ടെത്തുക തന്നെ വേണം. ശുദ്ധജലവും ശുദ്ധവായുവും മാലിന്യമുക്തമായ മണ്ണുമായിരിക്കണം ആ വികസനത്തിന്റെ അടിസ്ഥാനം.

ഇവിടെ ജീവിക്കേണ്ടുന്ന നമ്മുടെ മക്കളെയും അവരുടെ മക്കളെയും വികസനം മറക്കരുത്. കാടും പുഴയും വയലും മലയും ഇല്ലാതാക്കി കുന്നുകൂട്ടുന്ന പണം അവര്‍ക്ക് ദാഹജലവും പ്രാണവായുവും നല്‍കില്ല.

ഈ സത്യം ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഒരു പരിഷ്‌കൃത സമൂഹം തിരിച്ചറിയുക ? പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലാണ് വികസനം എന്ന കാഴച്ചപ്പാടാണ് ആഗോള താപനത്തിന്റെ കെടുതികളിലേക്ക് ഭൂമിയെ എടുത്തെറിഞ്ഞത്.

ആഗോളവല്‍ക്കരണത്തിന്റെ വരവോടെ ആ പരക്കം പാച്ചില്‍ ഒരുതരം ഭ്രാന്തായി മാറി. ആ ഭ്രാന്തിനെതിരിയാണ് ഇന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടക്കമുള്ളവര്‍ വിരല്‍ ചൂണ്ടുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും ആഗോളതാപനത്തിന്റെയും കടിഞ്ഞാണ്‍ പിടിക്കുന്നത് കന്‌പോളത്തിന്റെ കൈകളാണ്.

ആ കൈകളെ തടയുക എന്നതാണ് ജൂണ്‍ 5 ന്റെ ­ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം.
നീരൊഴുക്കുകള്‍ വീണ്ടെടുക്കാനുള്ള ഒരു ജനകീയ പ്രസ്ഥാനത്തിന് ഈ ദിനത്തില്‍ കേരളം തുടക്കം കുറിക്കണം. 2017 ലെ പരിസ്ഥിതി ദിനമാകുന്‌പോള്‍ നീരൊഴുക്ക് തടയപ്പെടുന്ന ഒരിടവും കേരളത്തില്‍ ഉണ്ടാകരുത്.

ഓടകളും തോടുകളും അരുവികളും കുളങ്ങളും കായലുകളും എല്ലാം ഇന്ന് മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച് മരിക്കുകയാണ്. അവയ്ക്ക് പുന:ര്‍ ജന്മം നല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ കഴിയും. പുതിയ കേരളം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ എല്‍ .ഡി.എഫ് സര്‍ക്കാര്‍ അതിന് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നാണ് പ്രബുദ്ധകേരളം ഈ പരിസ്ഥിതി ദിനത്തില്‍ പ്രതീക്ഷിക്കുന്നത്.

Top