മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു; പ്രധാനമന്ത്രിക്കെതിരെ നോട്ടീസ്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐ രാജ്യസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം അവകാശ ലംഘന നോട്ടീസ് നല്‍കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രധാനമന്ത്രി തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതെന്ന് നോട്ടീസില്‍ പറയുന്നു.

സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പിണറായി വിജയന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയനും സമ്മതിച്ചതാണെന്നാണ് പ്രധാനമന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. എസ്ഡിപിഐ എന്ന സംഘടനയ്‌ക്കെതിരായിരുന്നു പിണറായി വിജയന്‍ പറഞ്ഞതെന്നും സമരത്തില്‍ നുഴഞ്ഞു കയറി കുഴപ്പങ്ങളുണ്ടാക്കാന്‍ ഈ സംഘടന ശ്രമിക്കുന്നുവെന്ന വാക്കുകള്‍ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയുമായിരുന്നുവെന്നും നോട്ടീസില്‍ പറഞ്ഞു.

Top