കാലുകഴുകല്‍ വിവാദം; ബിജെപിയെ കണ്ടറിയാനുള്ള നിമിത്തമെന്ന് ബിനോയ് വിശ്വം

മലപ്പുറം: പാലക്കാട്ടെ കാലുകഴുകല്‍ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയെ കണ്ടറിയാന്‍ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും വലിയ ചര്‍ച്ചക്കും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

സ്ഥാനാര്‍ത്ഥിയുടെ കാല് കഴുകിയ സംഭവം രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യത്തിനും എതിരാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിന് നേതൃത്വം നല്‍കിയ പാര്‍ട്ടി രാജ്യത്തിന് അപമാനമാണ്. നടുക്കത്തോടെ മാത്രമേ അതിനെ കാണാനാവൂ. ഭാരതത്തിന്റെ സംസ്‌ക്കാരമെന്ന് പറഞ്ഞു ന്യായീകരിക്കുന്നവര്‍ വോട്ടര്‍മാരെക്കൊണ്ട് നാളെ കാലുകഴുകിക്കില്ലേ ?ആ വെള്ളം കുടിപ്പിക്കില്ലേ ? നികൃഷ്ടമായ ഈ രീതി പൊറുപ്പിച്ചു കൂടാ. ഇരുട്ടിന്റെ വക്കീലാവാനാണ് ഇ. ശ്രീധരന്‍ ശ്രമിക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.

 

Top