കോഴിക്കോട്: പാലക്കാട് റോഡ് ഷോ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയും കനത്ത പരാജയ ഭീതിയിലാണ്. പ്രധാനമന്ത്രി വീണ്ടും വീണ്ടും കേരളത്തില്‍ വരുന്നത് വെപ്രാളം കാരണമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഗ്യാരണ്ടി എന്ന വാക്കിന്റെ അര്‍ത്ഥം നരേന്ദ്ര മോദി മാറ്റിയെഴുതി. പഴയ ചാക്ക് എന്നാണ് ഇപ്പോഴത്തെ അര്‍ത്ഥമെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
ഇന്ത്യയും കേരളവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. നാലാം തവണയും കേരളത്തില്‍ വന്ന നരേന്ദ്രമോദി എന്തുകൊണ്ട് മണിപ്പൂരില്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം ചോദിച്ചു. ബേട്ടി ബച്ചാവോ നടപ്പിലാക്കിയ മോഡി പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ്. 56 ഇഞ്ച് നെഞ്ചും ഇത്രയും നീളമുള്ള നാവും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സുപ്രീകോടതി പറഞ്ഞിട്ടും ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ എസ്ബിഐ മൗനം പാലിക്കുന്നു. നാണവും മാനവും ഉണ്ടെങ്കില്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഒരു വാക്കെങ്കിലും പറയണം.
ഇ പി ജയരാജന്റെ പ്രസ്താവനയെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിനെക്കുറിച്ച് പിണറായി വിജയന്‍ തന്നെ പറഞ്ഞതാണ്. ഒരു കണ്‍ഫ്യൂഷനും വേണ്ടെന്ന് ജയരാജനും പറഞ്ഞ് കഴിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് കേരളത്തിലെ പോരാട്ടമെന്നും ഇടതുപക്ഷം ഗംഭീര വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. എവിടെയും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അവകാശമുണ്ട്. എന്നാല്‍ ദൂരക്കാഴ്ചയും രാഷ്ട്രീയ ബോധവും വേണം. മൂക്കിനപ്പുറം കാണാനാകാത്ത കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരാന്‍ പാടില്ലായിരുന്നു. വയനാട് സീറ്റ് ഉണ്ടായ കാലം മുതല്‍ സിപിഐ മത്സരിക്കുന്ന ഇടമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് ആണോ ഇടതു പക്ഷമാണോ കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധി, നെഹ്‌റു പാരമ്പര്യങ്ങളെ കോണ്‍ഗ്രസ് മറക്കുന്നു. ഹിന്ദു വിശ്വാസ രക്ഷകനായി സ്വയം കാണുന്ന മോദിക്ക് ആരാണ് കുചേലന്‍ എന്നോ അവില്‍പ്പൊതി വാങ്ങിച്ച കൃഷ്ണന്‍ ആരെന്നോ അറിയില്ല. മഹാഭാരത്തിന്റെയും രാമായണത്തിന്റെയും ആത്മാവ് അറിയാത്തവരാണ് രാജ്യം ഭരിക്കുന്ന ബിജെപി.