സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്; തെരഞ്ഞെടുത്തത് ഏകകണ്ഠമായെന്ന് ഡി.രാജ

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്നാണ് ചുമതല ബിനോയ് വിശ്വത്തിന് നല്‍കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വം നിലവില്‍ രാജ്യസഭാ എം.പിയാണ്.

ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനം അംഗീകരിക്കും. ഡിസംബര്‍ 28ന് സംസ്ഥാന കൗണ്‍സില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കൗണ്‍സില്‍ എക്സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയെന്ന ആശയത്തെ വികൃതമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബി.ജെ.പിയെന്ന രാഷ്ട്രീയ അപകടത്തെ തടയാന്‍ മതേതര പാര്‍ട്ടികളുടെ ഐക്യം വേണം. ഇത് ആദ്യം ആവശ്യപ്പെട്ടത് സി.പി.ഐ ആയിരുന്നു. ഇത് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിലപാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Top