പൊതുബജറ്റ്; വിലകല്‍പ്പിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍, മഹാ സംഭവമെന്ന് ബിജെപി

ഡല്‍ഹി: വെല്ലുവിളികളെ മറികടന്നാണ് നിര്‍മ്മല സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിന്റെ മറ്റൊരു വശം തുറന്നു കാട്ടുകയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് സ്വകാര്യ മേഖലയെ പുഷ്ടിപ്പെടുത്താന്‍ ഉള്ളതാണെന്നാണ് രാജ്യസഭാ എംപിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം പ്രതികരിച്ചത്. ദേശീയവാദം പറയുന്ന സര്‍ക്കാര്‍ ആണ് പൊതുമേഖലയെ നശിപ്പിക്കുന്നത്. ധനമന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അകം പൊള്ളയായ ഒന്നിനെ പൊതിയാന്‍ വേണ്ടി രണ്ട് മണിക്കൂര്‍ നേരം എന്തൊക്കെയോ പുലമ്പുകയാണുണ്ടായത്. മാത്രമല്ല സ്വകാര്യ മേഖലക്ക് വേണ്ടി സര്‍ക്കാര്‍ ചങ്കും കരളും നല്‍കുന്ന സമീപനമാണ് വിദ്യാഭ്യാസരംഗത്തും സ്വീകരിച്ചിരിക്കുന്നത് എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

നേരത്തെ രാഹുല്‍ ഗാന്ധിയും ബജറ്റിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. പ്രസംഗം മാത്രമേ നിര്‍മല നടത്തിയിട്ടുള്ളൂ എന്നും എല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണെന്നുമാണ് രാഹുല്‍ നിശിതമായി കുറ്റപ്പെടുത്തിയിരിക്കുന്നത്.

‘ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് ആണെങ്കിലും പൊള്ളയാണ്. അതില്‍ ഒന്നും ഇല്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അതേസമയം, കേന്ദ്രബജറ്റിനെ ഒരു മഹാ സംഭവമാക്കിയിരിക്കുകയാണ് ബിജെപി നേതാക്കള്‍. വരുമാന നികുതി സ്ലാബ് കുറച്ചത് വലിയ നേട്ടമാണെന്നാണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചത്. കൃഷി, ആരോഗ്യം ഉള്‍പ്പടെയുള്ള മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതാണ് ബജറ്റെന്നും സാമ്പത്തിക കമ്മി 3.8 ശതമാനം ആയത് കൊണ്ട് വിലക്കയറ്റം ഉണ്ടാകാന്‍ പോകുന്നില്ലെന്നും സാധാരണ ജനങ്ങളിലേക്ക് കൂടുതല്‍ പണം സര്‍ക്കാര്‍ എത്തിക്കുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ഏറ്റും മികച്ച ബജറ്റാണ് നിര്‍മ്മല അവതരിപ്പിച്ചത് എന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പുതിയ ബജറ്റ് മുതല്‍ക്കൂട്ടാകുമെന്നും ആദായനികുതി ഇളവുകള്‍ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Top