‘കോണ്‍ഗ്രസിനു പഴയ പ്രതാപമില്ലെന്ന സത്യം അവര്‍ തിരിച്ചറിയണം’; ബിനോയ് വിശ്വം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യ മുന്നണിയുടെ പ്രധാന നേതാവാണു രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാമോ എന്നു കോണ്‍ഗ്രസ് പരിശോധിക്കണമെന്നു സിപിഐ അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നതു യാഥാര്‍ഥ്യബോധമില്ലാത്ത കോണ്‍ഗ്രസ് നിലപാടാണ്. കോണ്‍ഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവര്‍ തിരിച്ചറിയണം. സീറ്റ് വിഭജനത്തില്‍ അത് ഓര്‍മയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തില്‍ ഈ വിഷയം മുന്നോട്ടു വന്നാല്‍ സിപിഐ ചര്‍ച്ചയ്ക്കു തയാറാകുമെന്ന് ബിനോയ് വിശ്വം ടെലിഗ്രാഫിനോട് പറഞ്ഞു.

കേരളത്തിലെ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്.തെരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും നിലവിലെ മോദി ഭരണം തുടരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.പ്രതിപക്ഷം ഇല്ലാത്ത പാര്‍ലമെന്റ് വേണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. മോദിയുടെ ഗ്യാരണ്ടികളൊന്നും നടപ്പിലാകില്ലെന്നും പഴയ ഗ്യാരണ്ടികള്‍പോലും നടപ്പിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top