പാർട്ടി സെക്രട്ടറി കോടിയേരിയുടെ മകൻ മൂലം അപമാനിക്കപ്പെടുന്നത് സി.പി.എം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസിന്റെ മുഴുവന്‍ വസ്തുതയും പുറത്ത് വരിക തന്നെ വേണം. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. അതിന് ശാസ്ത്രീയമായ പരിശോധനകളും അനിവാര്യമാണ്. പ്രത്യേകിച്ച് പരാതിക്കാരിയുടെ എട്ടു വയസ്സായ കുഞ്ഞിന്റെ പിതൃത്വം ബിനോയിക്കുമേല്‍ ആരോപിക്കപ്പെട്ട സ്ഥിതിക്ക് ആരോപണം ഗുരുതരമാണ്.

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗികാരോപണ കേസില്‍ അന്വേഷണം ആരംഭിച്ചതായും ഏതാനും വര്‍ഷം പഴക്കമുള്ള കേസ് ആയതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അന്ധേരി ഓഷിവാര പൊലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ശൈലേഷ് പാസാല്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ ആരോപണത്തില്‍ ഈ മാസം 13നാണു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്.

വര്‍ഷങ്ങളായി തനിക്ക് വാടകക്ക് താമസ സൗകര്യം നല്‍കിയതും ചിലവ് നോക്കിയിരുന്നതും ബിനോയി ആണെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം എന്താണ് വസ്തുതയെന്ന് പൊലീസിന് പെട്ടെന്ന് തന്നെ കണ്ടെത്താവുന്നതേയുള്ളൂ.

കുഞ്ഞ് ആരുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ തന്നെ കാര്യങ്ങള്‍ എല്ലാം വ്യക്തമാകും. ബിനോയ് തന്നെ പരിശോധന ആവശ്യപ്പെട്ട സ്ഥിതിക്ക് പരാതിക്കാരിയും ഇനി മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. മുംബൈ പൊലീസ് ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുകയാണ് വേണ്ടത്. 2009 നവംബറില്‍ ബിനോയിയില്‍ നിന്നും ഗര്‍ഭം ധരിച്ച താന്‍ 2010 ജൂലൈ 22 ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായാണ് യുവതി അവകാശപ്പെടുന്നത്.

കുഞ്ഞ് ബിനോയിയുടേതാണോ അല്ലയോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി ഈ കേസിന്റെ പോലും നിലനില്‍പ്പ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആര് തന്നെ പീഡനം നടത്തിയാലും അത് ഗുരുതരമായ കുറ്റം മാത്രമല്ല വഞ്ചനയും കൂടിയാണ്. അവര്‍ ശിക്ഷ ഏറ്റുവാങ്ങിയേ മതിയാകൂ. അതുപോലെ തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെങ്കില്‍ അക്കാര്യവും പുറത്ത് വരണം. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിക്ക് ഇതു സംബന്ധമായി ബിനോയി നല്‍കിയ പരാതിയിലെ അന്വേഷണ പുരോഗതി കേരള പൊലീസും വ്യക്തമാക്കണം.

അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരി കത്തയച്ചതിന് ശേഷം താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് പരാതി നല്‍കുകയായിരുന്നു എന്നാണ് ബിനോയ് വ്യക്തമാക്കിയിരിക്കുന്നത്. ബിനോയിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണവും യുവതി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും യാഥാര്‍ത്ഥ്യം വ്യക്തമാക്കേണ്ടതുണ്ട്.

കാരണം ഒരു ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന ഉന്നത നേതാവെന്ന നിലയില്‍ മകനെതിരായ ആരോപണത്തില്‍ കോടിയേരി കാര്യങ്ങള്‍ തുറന്ന് പറയുക തന്നെ വേണം. ബിനോയിക്കെതിരെ ഇത് രണ്ടാമത്തെ ഗുരുതര ആരോപണമാണ് ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനും കുടുംബത്തിനും എതിരെ ആരോപണം ഉയരുമ്പോള്‍ ഇവിടെ നാണം കെടുന്നത് സി.പി.എം പ്രവര്‍ത്തകരും നേതാക്കളുമാണ്.

ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയെ തനിക്ക് പരിചയമുണ്ടെന്ന് ബിനോയി തന്നെ ഇപ്പോള്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ താന്‍ അവരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടില്ലന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. പീഡനം നടന്നാലും ഇല്ലെങ്കിലും ഡാന്‍സ് ബാറില്‍ ബിനോയി പോയത് തന്നെ തെറ്റാണ്. പ്രത്യേകിച്ച് ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെ നയിക്കുന്ന പിതാവിനെ ഓര്‍ത്തെങ്കിലും ജീവിതത്തില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കണമായിരുന്നു.

എവിടെയൊക്കെ പോകണം എങ്ങനെയൊക്കെ ജീവിക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണ്. പക്ഷേ നാടിനെ നേര്‍വഴിക്ക് നയിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ നായകന് സ്വന്തം കുടുംബത്തിലുള്ളവരെ നിയന്ത്രിച്ചേ അണികളെ പഠിപ്പിക്കാന്‍ അവകാശമുള്ളൂ, അതാണ് ശരിയായ രാഷ്ടീയം. ഇതിന് വിഘാതമായ നിലപാട് സ്വീകരിച്ചാല്‍ അണികള്‍ തന്നെ മുഖത്തേക്ക് വിരല്‍ ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ത്തിയെന്നു വരും.

ബിനോയിയും കോടിയേരിയുടെ കുടുംബവും മാത്രമല്ല, ഈ പീഡന കേസിന് ഇപ്പോള്‍ മറുപടി നല്‍കേണ്ടി വരുന്നത് ഇടതുപക്ഷം കൂടിയാണ്. ബിനോയിക്കെതിരെ കേസെടുത്ത മുംബൈ പൊലീസിനെ നിയന്ത്രിക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍ ആയതിനാല്‍ നടപടികളും ഇനി വേഗത്തിലാകും. രാഷ്ട്രീയപരമായി സി.പി.എമ്മിനെ അടിക്കാനുള്ള ഒരു വടിയായി ഈ പരാതിയെ കേരളത്തിലെ പ്രതിപക്ഷം ഇപ്പോള്‍ തന്നെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

നിയമസഭ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ യുവതിയുടെ പരാതി പുറത്തായതും യാദൃശ്ചികമാണോ എന്നതും സംശയകരമാണ്. കീരിയും പാമ്പുമായി സി.പി.എമ്മും ബി.ജെ.പിയും ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ചെങ്കൊടിയെ അടിക്കാനുള്ള ഒരു ആയുധമായി ബി.ജെ.പി ഈ വിഷയം മാറ്റിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രചരണത്തില്‍ ഇക്കാര്യം വ്യക്തമാണ്. ഇനി മഹാരാഷ്ട്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി അറസ്റ്റടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുക.

പീഡനം ദുബായിയിലും മുംബൈയിലും നടന്നതായി യുവതി ആരോപിച്ചതിനാല്‍ കേസ് പ്രാഥമികമായി നില നില്‍ക്കുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ കുട്ടി ബിനോയിയുടേതല്ലെന്ന് തെളിഞ്ഞാല്‍ അത് പരാതിക്കാരിക്ക് തന്നെ ആത്യന്തികമായി തിരിച്ചടിയാകും.

Staff Reporter

Top