ഡിഎന്‍എ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി

കൊച്ചി : ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ ഡിഎന്‍എ ഫലം വരുന്നതോടെ സത്യം പുറത്തുവരുമെന്ന് ബിനോയ് കോടിയേരി. കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയന്നും ബിനോയ് പറഞ്ഞു.

ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്തസാമ്പിള്‍ നല്‍കിയതിന് ശേഷമായിരുന്നു പ്രതികരണം. ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. രക്തസാമ്പിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് കൈമാറി. ഫലം രണ്ടാഴ്ച്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ ജുഹുവിലെ ഡോ. ആര്‍.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍വച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പൊലീസ് തീരുമാനം. എന്നാല്‍ തീരുമാനം ഓഷ്വാര പൊലീസ് മാറ്റുകയായിരുന്നു. എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തില്‍ ഓഷ്വാര പൊലീസ് കൃത്യമായ വിവരം നല്‍കിയില്ല.

ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം മുദ്രവച്ച കവറില്‍ രണ്ടാഴ്ച്ചയ്ക്കകം ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ കോടതി ചൊവ്വാഴ്ച ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Top