ബിനോയ്ക്കെതിരെയുള്ള പീഡന ആരോപണം: പരാതിക്കാരി ഓഷിവാര സ്റ്റേഷനിലെത്തി

മുംബൈ : സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ യുവതി മംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയതാണെന്നാണ് സൂചന. ബിനോയ്ക്കെതിരെ പൊലീസ് ശേഖരിച്ച തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണെന്നും കൂടുതല്‍ വിവരങ്ങള്‍ യുവതിയില്‍ നിന്ന് ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം ബിനോയും പരാതിക്കാരിയായ യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ഹോട്ടലിലും ഫ്‌ളാറ്റിലും ഇരുവരും ഒരുമിച്ച് താമസിച്ചതിന്റെ തെളിവുകളാണ് അന്വേഷണത്തില്‍ ലഭിച്ചതെന്ന്
മുംബൈ പൊലീസ് പറയുന്നു.

അതിനിടെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കണ്ണൂരിലെത്തിയതോടെ ബിനോയ് കോടിയേരി ഒളിവില്‍
ഒളിവില്‍പോയതെന്നാണ് സൂചന. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബിനോയിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുംബൈ പൊലീസ് അന്വേഷണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പൊലീസ് കണ്ണൂരിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ ഇന്‍സ്‌പെക്ടറും പൊലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്റ്റേഷനിലെത്തിയും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു. അതേസമയം, കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പൊലീസ് കണ്ണൂരിലെത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ്വാര പൊലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.

Top