എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതിയില്‍

മുംബൈ: ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

അതേസമയം, ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ലെങ്കില്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവതിയുടെ കുടുംബം. എന്നാല്‍, ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളത് ചൂണ്ടിക്കാട്ടി ബിനോയ് ഇന്നും രക്ത സാമ്പിള്‍ നല്‍കില്ലെന്നാണ് പുറത്ത്‌വരുന്ന റിപ്പോര്‍ട്ടുകള്‍.

ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്വേഷണസംഘത്തിന് ആവശ്യമെന്ന് തോന്നിയാല്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന് ജാമ്യം നല്‍കിയ അവസരത്തില്‍ കോടതി പറഞ്ഞിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

‘അഞ്ചുകോടി നല്‍കാനാവില്ലെ’ന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. ‘അത്രയും പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാ’ണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. നമ്മുടെ മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്‍കാന്‍ കഴിയും, അത്രയും നല്‍കൂ’എന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

അതേസമയം, ‘പൈസ നല്‍കാം, എന്നാല്‍ രണ്ടു കാര്യങ്ങള്‍ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേര്‍ക്കുന്നത് നിറുത്തണം. താനുമായുള്ള ബന്ധം അവസാനിപ്പിക്കണ’മെന്നും ബിനോയ് പറയുന്നു. നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂര്‍ണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണമെന്നും നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്നും ബിനോയ് പറയുന്നുണ്ട്.

Top