ലൈംഗിക പീഡനപരാതി; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി മാറ്റിവെച്ചു

മുംബൈ: ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിവച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയിരുന്നില്ല. അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്വേഷണസംഘത്തിന് ആവശ്യമെന്ന് തോന്നിയാല്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന് ജാമ്യം നല്‍കിയ അവസരത്തില്‍ കോടതി പറഞ്ഞിരുന്നു.

Top