ലൈംഗിക പീഡനക്കേസ് ; ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കുന്നത് വൈകും

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ഒളിവില്‍ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇപ്പോഴില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരുന്നത് വരെ നടപടി മരവിപ്പിക്കുമെന്നും ബിനോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചു.

അതേസമയം ബിനോയ് കോടിയേരി കേരളം വിട്ടെന്ന് സൂചനയുണ്ട്. ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് പരിശോധന തുടരുന്നതിനിടെയാണ് വിവരം. വിവരം സ്ഥിരീകരിക്കാത്തതിനാല്‍ ഇപ്പോള്‍ കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം ഇന്നും വിവരശേഖരണത്തിനായി പരിശോധന നടത്തും.

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഒളിവിലുള്ള പ്രതി രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബിനോയിക്കെതിരെ യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ.

Top