ബിനോയ് കോടിയേരിയെ കുരുക്കുവാൻ മഹാരാഷ്ട്ര സർക്കാറും, പരിവാർ ഇടപെട്ടു !

ബിനോയ് കോടിയേരിക്കെതിരായ സ്ത്രീ പീഡന പരാതിയില്‍ നടപടികള്‍ ശക്തമാക്കാന്‍ ആര്‍.എസ്.എസ് നിര്‍ദ്ദേശം. മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായ പിതാവ് കോടിയേരി ബാലകൃഷ്ണന്‍ ബിനോയിയെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും പരിവാറുകാര്‍ തണുത്തിട്ടില്ല.

വ്യക്തിപരമായല്ല, ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ വിഷയത്തെ കാണുന്നത്. അതുകൊണ്ടു തന്നെ പരമാവധി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് നീക്കം. പ്രതിഷേധ പരിപാടികളൊന്നും ഇതുവരെ സംഘടിപ്പിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ വിഷയം കത്തിച്ച് നിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നിലവില്‍ സംഘപരിവാറുകാരാണ്.

ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കാവിപ്പടയുടെ കരുനീക്കം. കേരള പൊലീസിനെ ഉപയോഗിച്ച് നിരന്തരം സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടുന്നതിന് ഒരു തിരിച്ചടിയും ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലീസിന്റെ കരുത്ത് സി.പി.എമ്മിന് കാട്ടി കൊടുക്കണമെന്നതാണ് വാശി.

കണ്ണൂരിലും തിരുവനന്തപുരത്തും എത്തിയ മഹാരാഷ്ട്ര പൊലീസ് സംഘത്തിന് പുറമെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണം നടത്തുന്നുണ്ട്. സംശയിക്കുന്ന ചിലരുടെ ഫോണ്‍ കോളുകള്‍ മഹാരാഷ്ട്ര പൊലീസ് ചോര്‍ത്തുന്നതായും സൂചനയുണ്ട്. ഇതില്‍ സി.പി.എം നേതാക്കളുടെ നമ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പക്ഷേ വ്യക്തമല്ല.

ഒരു ക്രൈം രജിസ്റ്റര്‍ ചെയ്താല്‍ ആ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ ഫോണ്‍ കോളുകള്‍ ടേപ്പ് ചെയ്യാന്‍ പൊലീസിന് സാധിക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ രഹസ്യാന്വേഷണ വിഭാഗങ്ങളും വ്യക്തികളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താറുണ്ട്.
ഇവിടെ പ്രതി സി.പി.എം സെക്രട്ടറിയുടെ മകനായതിനാല്‍ സംരക്ഷിക്കാന്‍ സാധ്യതയുള്ളവരുടെ നമ്പറുകളാണ് നിരീക്ഷണത്തില്‍. ബിനോയിയുടെയും യുവതിയുടെയും ടെലഫോണ്‍ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

കേസില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടിയേരിയെയും ഭാര്യ വിനോദിനിയെയും ചോദ്യം ചെയ്യണമെന്ന നിലപാടിലേക്ക് മുംബൈ പൊലീസ് പോകുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമാണ്. വിനോദിനി ഒത്തുതീര്‍പ്പിനായി മുംബൈയില്‍ വന്നിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. കോടിയേരിയോടും ഇക്കാര്യം സംസാരിച്ചതായും യുവതി പറഞ്ഞിട്ടുണ്ട്.

ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം മഹാരാഷ്ട്ര പൊലീസ് വേഗത്തിലാക്കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

കേരളത്തില്‍ ഈ വിഷയത്തില്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്താത്ത ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ പോലും മഹാരാഷ്ട്ര സര്‍ക്കാറില്‍ നടപടി കടുപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ശബരിമല കര്‍മ്മസമിതി നേതാക്കളെ പിണറായി പൊലീസ് നൂറിലധികം കേസുകളില്‍പ്പെടുത്തിയതാണ് പ്രകോപനത്തിന് പ്രധാന കാരണം.

അതേസമയം ബിനോയ്‌ക്കെതിരെ തെളിവായി പരാതി നല്‍കിയ യുവതിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുമുണ്ട്. ഈ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരുള്ളത്. ബിനോയ് തന്റെ ഭര്‍ത്താവാണെന്ന് യുവതി മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ അടക്കമാണ് യുവതി പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. മാത്രമല്ല വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് തന്നെയാണുള്ളത്.

കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കുരുക്ക് മുറുകാന്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളമാണ്. തെളിവിന്റെ ഭാഗമായി ബാങ്ക് ഇടപാടിന്റെ രേഖകളും യുവതി പോലീസിന് നല്‍കിയിട്ടുണ്ട്. ബാങ്ക് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്.

യുവതിക്കൊപ്പം ബിനോയ് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ പൊലീസിന് യുവതി കൈമാറിയത്.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണമാണ് പൊലീസ് ലക്ഷ്യമിടുന്നത്. ബിനോയിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാതെ യാഥാര്‍ത്ഥ്യം വ്യക്താമാകില്ലെന്നതാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമാണെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഇനിയും ബിനോയ് ഒളിവില്‍ തുടരുകയാണെങ്കില്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Top