ഇത്തരം നേതാക്കളും കുടുംബാംഗങ്ങളും സി.പി.എമ്മിന്റെ അടിത്തറ തകര്‍ക്കും

സി.പി.എമ്മിന് ഇപ്പോള്‍ കഷ്ടകാലമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി സി.പി.എമ്മിനെയും നേതാക്കളെയും പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.

മകനെതിരെ ഒരു യുവതി നല്‍കിയ പരാതിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതിരോധത്തിലാക്കിയതെങ്കില്‍ ഭാര്യയുടെ ഇടപെടലാണ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ എം.വി ഗോവിന്ദന് തിരിച്ചടിയായിരിക്കുന്നത്. രണ്ട് സംഭവത്തിലും ഇവിടെ നാണം കെട്ടിരിക്കുന്നതാകട്ടെ സി.പി.എം പ്രവര്‍ത്തകരാണ്.

കോടിയേരിയുടെ മകനെതിരായ പരാതി ചൂണ്ടിക്കാട്ടി കോടിയേരിയെ കടന്നാക്രമിക്കാന്‍ നില്‍ക്കേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ നേതാവാണ് എം.വി ഗോവിന്ദന്‍. ബിനോയ് കോടിയേരിക്കെതിരായ സ്ത്രീ പീഡന കേസില്‍ കോടിയേരിക്കെതിരായ ആക്ഷേപം ധാര്‍മ്മികത മാത്രമാണ്. മക്കളെ ശരിയായ രൂപത്തില്‍ വളര്‍ത്താതിരുന്നതില്‍ കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ കോടിയേരി ശക്തമായ വിമര്‍ശനം നേരിടുന്നുണ്ട്.

ഒരു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കുടുംബം മറ്റു കമ്യൂണിസ്റ്റുകള്‍ക്ക് മാത്രമല്ല, നാടിന് തന്നെ മാതൃകയാകേണ്ടതാണ്. അതു കൊണ്ട് തന്നെയാണ് വിമര്‍ശനം സി.പി.എമ്മിനെതിരെയും തിരിഞ്ഞത്. ഈ വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും വ്യക്തി എന്ന രൂപത്തില്‍ ബിനോയ് ആണ് പ്രശ്‌നം തീര്‍ക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സി.പി.എം കേന്ദ്ര നേതൃത്വം. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് പി.ബി അംഗം വൃന്ദ കാരാട്ടും സ്വീകരിച്ചത്.

എന്നാല്‍ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളക്ക് എതിരെ ഉയര്‍ന്ന ആരോപണം നേരിട്ട് സി.പി.എമ്മിനെ ബാധിക്കുന്നതാണ്. കാരണം ചെങ്കോട്ടയായ ആന്തൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണാണ് അവര്‍. വിവാദ വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതിന്റെ പാപക്കറയില്‍ നിന്നും ഇവര്‍ക്ക് പെട്ടെന്നൊന്നും മോചിതയാവാന്‍ കഴിയില്ല.

താന്‍ ഇരിക്കുന്ന കാലത്തോളം സാജന്‍ പണിത കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് പറയാന്‍ ആരാണ് ഈ ശ്യാമള ? ഒരു ജന സേവകയാണ് എന്നത് മറന്ന് ധിക്കാരത്തിന്റെ ഭാഷയില്‍ അവര്‍ സംസാരിച്ചത് തന്നെ തെറ്റാണ്. ഭര്‍ത്താവ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗമാണെന്ന് കരുതി ആ പാര്‍ട്ടി കീഴിലാണ് എന്ന് ധരിക്കരുത്. പൊതുവെ മാന്യനായ ഗോവിന്ദന്‍ മാഷിനെയും അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണിത്.

കോടികള്‍ ചിലവിട്ട് പണിത കണ്‍വന്‍ഷന്‍ സെന്ററിന് തങ്ങള്‍ ഇരിക്കുന്നടത്തോളം അനുമതി നല്‍കില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞതാണ് സാജന്റെ ആത്മഹത്യക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ബീനയും ഭാര്യാപിതാവ് പുരുഷോത്തമനും ആരോപിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ കുറ്റമാണിത്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ അന്വേഷണം നടത്തി നഗരസഭ ചെയര്‍പേഴ്‌സണ്‍ കുറ്റക്കാരിയാണെങ്കില്‍ കേസെടുത്ത് നടപടി സ്വീകരിക്കണം.

ഇത്തരം ആളുകളെ പാര്‍ട്ടിയിലും വച്ചുപൊറിപ്പിക്കരുത്. ഉടന്‍ നടപടിയെടുത്ത് പൊതുസമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സി.പി.എം നേതൃത്വം തയ്യാറാകണം. അതല്ലെങ്കില്‍ ഇടതുപക്ഷത്തിനാണ് തിരിച്ചടിയാവുക. കുറ്റക്കാര്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഗതാര്‍ഹമായ നിലപാടാണിത്.

പ്രവാസി വ്യവസായിയുടെ മരണത്തോടെ ഒരു കുടുംബത്തിന്റെ നാഥനാണ് ഇല്ലാതായത്. പകരം എന്ത് നല്‍കിയാലും അതിന് പരിഹാരമാകില്ല. രാഷ്ട്രീയ പകയ്ക്കു പേരുകേട്ട നാട്ടില്‍, ബിസിനസ്സും ചെയ്യാന്‍ പറ്റില്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് വ്യവസായികളെയും പിന്നോട്ടടിപ്പിക്കും. ഏതാനും ചിലരുടെ ധിക്കാരത്തിന് ഒരു നാടിനെ തന്നെ വെറുക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ.

സ്‌നേഹിക്കുന്നത് പാര്‍ട്ടിയെ ആയാലും വ്യക്തിയെ ആയാലും ഉയിര് പോലും കൊടുക്കാന്‍ തയ്യാറുള്ള ജനങ്ങളാണ് കണ്ണൂരിലുള്ളത്. ഇത്തരം ചില പുഴുക്കുത്തുകള്‍ മൂലം ആ വിശ്വാസത്തിന് കോട്ടം തട്ടിക്കൂടാ. നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ബിസിനസ്സ് മീറ്റ് നടത്തിയ സര്‍ക്കാറാണ് പിണറായി സര്‍ക്കാര്‍. ഇക്കാര്യം ശ്യാമള മറന്നാലും ഗോവിന്ദന്‍ മാസ്റ്റര്‍ മറക്കരുത്.

Team Express Kerala

Top