ബിനോയി കോടിയേരിക്കെതിരായ ആരോപണം വ്യക്തിപരമായ വിഷയമാണെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ആരോപണം വ്യക്തിപരമായ വിഷയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബലാത്സംഗക്കേസില്‍ അന്വേഷണം നടക്കട്ടെയെന്നും കാനം വ്യക്തമാക്കി.

അതേസമയം ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസാണ് നല്‍കുക. ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു.

ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി, ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം.

കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ് ഇപ്പോള്‍. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും.

Top