ബിനോയിയുമായി ബന്ധപ്പെട്ട വിഷയം വ്യക്തിപരം ; പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് കോടിയേരി

Kodiyeri-

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗീക പീഡന പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംഭവം കോടിയേരി തന്നെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. യോഗത്തിന് ശേഷം കോടിയേരി 3 :30 ന് മാധ്യമങ്ങളെ കാണും. കേസ് ബിനോയ് വ്യക്തിപരമായി നേരിടട്ടെ. പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്നും കോടിയേരി യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയും കുടുംബവും പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വര്‍ഷമായി സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു.

വിവാഹ വാദ്ഗാദനം നല്‍കി ബിനോയ് ലൈംഗികമായി ഉപയോഗിക്കുകയും വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളില്‍ നീതി തേടി പലതവണ കോടിയേരിയെ കണ്ടിരുന്നു. സുഹൃത്തുക്കളെ കൊണ്ടും സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളു എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും പറയുന്നു.

ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ബിനോയിയും അമ്മയ്ക്കൊപ്പമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. 2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചുവെന്നും കുടുംബം വ്യക്തമാക്കി.

യുവതിക്കൊപ്പം താമസിച്ചതിന് അടക്കമുള്ള എല്ലാ തെളിവുകളും യുവതിയും കുടുംബവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ കോള്‍ റെക്കാഡുകള്‍ കേസന്വേഷിക്കുന്ന മുംൈബ പൊലീസിന് കൈമാറിയിട്ടുണ്ട്. ബിനോയിയെ അറസ്റ്റ് ചെയ്തതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുമെന്നും യുവതിയും കുടുംബവും അറിയിച്ചു.

Top