ബിനോയ് കോടിയേരി നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കും. യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയിലാണ് കേസെടുക്കുക.

മെയ് മാസത്തിലാണ് യുവതിക്കെതിരെ ബിനോയ് കോടിയേരി പരാതി നല്‍കിയത്. യുവതി ബ്ലാക്ക് മെയിലിങ്ങിന് ശ്രമിക്കുന്നുവെന്നും നിരന്തരം ശല്യം ചെയ്യുന്നുവെന്നും കാണിച്ച് കണ്ണൂര്‍ റേഞ്ച് ഐജിക്കാണ് ബിനോയ് പരാതി നല്‍കിയത്.

മുമ്പ് പരാതിക്കാരി തന്നെ മുമ്പും ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്നും പോലീസിന് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ഇക്കാര്യത്തിലൊരു സ്ഥിതീകരണമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഒന്നര മാസം മുമ്പ് പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പരാതിയില്‍ വിശദമായി അന്വേഷിക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. തുടര്‍ നടപടികള്‍ പിന്നീട് സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.

ഇതോടെ ബിനോയ് കോടിയേരിയുടെ പരാതി പരിഗണിച്ച് യുവതിക്കെതിരെ കേസെടുക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം. പരാതിക്കൊപ്പം തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും തെളിവായി പൊലീസിന് നല്‍കിയിരുന്നു.

Top