പാസ്‌പോര്‍ട്ടില്‍ മാത്രമല്ല; യുവതിയുടെ ബാങ്ക് രേഖകളിലും ഭര്‍ത്താവ് ബിനോയ് തന്നെ

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കപ്പെട്ട സംഭവത്തില്‍ യുവതിയുടെ ബാങ്ക് ഇടപാട് രേഖകളിലും ബിനോയിയുടെ പേര്. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് രേഖപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയതിന് പിന്നാലെയാണ് ബാങ്കിടപാടുമായി ബന്ധപ്പെട്ട രേഖകളും യുവതി ഹാജരാക്കിയത്. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ പൊലീസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പൊലീസ് അറിയിച്ചു. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിട്ടുള്ളത്.

യുവതി 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്.വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാലെ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. പൊലീസ് അന്വേഷണത്തില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ കൃത്രിമം ഒന്നും നടന്നിട്ടില്ലെന്ന് തെളിയുകയും ചെയ്തു.

യുവതിക്കൊപ്പം ബിനോയ് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയത്.

Top