മക്കള്‍ ചെയ്യുന്ന തെറ്റിന് പിതാവിനെ ക്രൂശിക്കുന്നതെന്തിന്; മന്ത്രി എ കെ ബാലന്‍

ak balan

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സ്ത്രീ പീഡനക്കേസില്‍ മുംബൈ പൊലീസ് നടപടി തുടങ്ങിയതില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കോടിയേരിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വിഷയം ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാല്‍ മക്കള്‍ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നത് എന്തിനാണെന്നുമായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രതികരണം.

”ഏതെങ്കിലുമൊരു വ്യക്തിയുമായോ ഒരു പാര്‍ട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതുകൊണ്ട് കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ, കോര്‍ണര്‍ ചെയ്യുന്നതോ ഗുണമുള്ള കാര്യമല്ല”, എ കെ ബാലന്‍ പറഞ്ഞു.

കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്നും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതോരുവിധത്തിലുള്ള ഉത്തരവാദിത്വവുമില്ലെന്നുമായിരുന്നു വിഷയത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്. ”ഇവിടെ നവോത്ഥാനത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പറയുന്ന ആളുകള്‍, ആ പാര്‍ട്ടിക്ക് ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെങ്കില്‍, ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതാണ്”, എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

”കാര്യങ്ങളത്ര സുഗമമല്ല, അത് കണ്ടാലറിയാമല്ലോ”,സിപിഎമ്മിലെന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്നായിരുന്നു രമേഷ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം കേസില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചു.അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

നിലവില്‍ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ടെന്നാണ് വിവരം.

Top